കോൺഗ്രസ് എസ്‌യുസിഐക്കൊപ്പം: ബദൽ സമരവുമായി ഐഎൻടിയുസി


സ്വന്തം ലേഖകൻ
Published on Mar 26, 2025, 01:00 AM | 1 min read
തിരുവനന്തപുരം: ഏതാനും ആശമാരെ മുന്നിൽനിർത്തിയുള്ള എസ്‌യുസിഐ സമരപ്രഹസനത്തിനൊപ്പം നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ തള്ളി ഐഎൻടിയുസി. എസ്‌യുസിഐ സമരത്തെ ഒരുകാരണവശാലും പിന്തുണക്കില്ലെന്ന് പ്രഖ്യാപിച്ച് ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് മാർച്ച് നടത്തി.
ആശാപ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഓണറേറിയമല്ല, ആശമാരെ സ്ഥിരം തൊഴിലാളികളായി അംഗീകരിച്ച് ശമ്പളം നൽകാൻ ഇടപെടണമെന്നാണ് ആവശ്യം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്‌തു.
സമരത്തിന് ആരുടെയും ഉപദേശം വേണ്ട: ചന്ദ്രശേഖരൻ
തിരുവനന്തപുരം: തങ്ങൾക്ക് സമരം ചെയ്യാൻ ആരുടെയും ഉപദേശം വേണ്ടെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. ഐഎൻടിയുസി നിലപാട് കരിങ്കാലിപ്പണിയാണെന്ന യുഡിഎഫ് കൺവീനർ എം എം ഹസന്റെ ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയറ്റിനു മുന്നിലുള്ള സമരത്തിന് ഞങ്ങളെ ആരും ക്ഷണിച്ചിട്ടില്ല, അങ്ങനെ കേറിച്ചെല്ലാനും ഉദ്ദേശിക്കുന്നില്ല. ചുവപ്പും കറുപ്പും വാക്കുകളിൽ എസ്‌യുസിഐ ബോർഡുവച്ചാണ് സമരമെന്ന് എല്ലാവരും ഓർക്കണം. ആശമാർക്ക് ഓണറേറിയമല്ല ആവശ്യം, തൊഴിലാളികളായി അംഗീകരിക്കലാണ്. ട്രേഡ് യൂണിയനുകളെല്ലാം ഉയർത്തുന്നതും അതേ ആവശ്യമാണ്. എൻഎച്ച്എം സ്‌കീം കേന്ദ്ര സർക്കാരിന്റേതാണ്. സംസ്ഥാനം നടപ്പാക്കുന്നു. ആശമാരെ വിളിച്ച് സംസ്ഥാന സർക്കാർ ക്രിയാത്മക ചർച്ച നടത്തണം. കോൺഗ്രസ് പിന്തുണച്ചോട്ടെ. തങ്ങളുടെ നിലപാട് തിരുത്താൻ ഹസനെന്നല്ല ആരും പറഞ്ഞിട്ടില്ല– അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.









0 comments