സീറ്റ് ചർച്ചയിൽ ലീഗിനെ തള്ളി കോൺഗ്രസ്


സ്വന്തം ലേഖകൻ
Published on Nov 10, 2025, 08:57 AM | 1 min read
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജന ചർച്ചയിൽ മുസ്ലിംലീഗിനെ ചവിട്ടി കോൺഗ്രസ്. ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ സീറ്റ് വേണമെന്ന ലീഗിന്റെ അപേക്ഷ കോൺഗ്രസ് തള്ളി. അഞ്ച് വർഷം മുമ്പ് ഉമ്മൻചാണ്ടി നൽകിയ ഉറപ്പാണ് കോൺഗ്രസ് ലംഘിക്കുന്നതെന്നാണ് ലീഗ് ജില്ലാ നേതാക്കളുടെ നിലപാട്. നഗരസഭകളിലും പഞ്ചായത്തുകളിലും മുസ്ലിംലീഗ് ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺഗ്രസ് തയ്യാറാകാത്തത് ഇരുപാർടികൾക്കിടയിലെ അസ്വാരസ്യം വർധിപ്പിച്ചു. ഞായറാഴ്‌ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് മുസ്ലിംലീഗ് – കോൺഗ്രസ് ചർച്ച നടന്നത്.
ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷൻ ലഭിക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇവിടെ ജില്ലാ പ്രസിഡന്റ് അസീസ് ബഡായിലിനെ മത്സരിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ കോൺഗ്രസ് ഇത് സമ്മതിച്ചില്ല. മുണ്ടക്കയം ഇല്ലെങ്കിൽ എരുമേലി വേണമെന്ന ആവശ്യവും കോൺഗ്രസ് തള്ളി. 2020ലെ തെരഞ്ഞെടുപ്പ് സമയത്ത് മുണ്ടക്കയം സീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് തങ്ങൾ പിന്മാറിയത്, 2025ൽ സീറ്റ് തരാമെന്ന് ഉമ്മൻചാണ്ടി പറഞ്ഞതുകൊണ്ടാണെന്ന് യോഗത്തിൽ ലീഗ് നേതാക്കൾ ഓർമിപ്പിച്ചു. എന്നിട്ടും കോൺഗ്രസ് വഴങ്ങിയില്ല.
ചങ്ങനാശേരി, ഏറ്റുമാനൂർ നഗരസഭകൾ, മുണ്ടക്കയം പഞ്ചായത്ത് എന്നിവിടങ്ങളിലും സീറ്റുകളാവശ്യപ്പെട്ട ലീഗിന് നിരാശയായിരുന്നു ഫലം. ലീഗിന് ശക്തിയുള്ള ഇൗരാറ്റുപേട്ടയിൽ കോൺഗ്രസിന് ആവശ്യത്തിന് സീറ്റുകൾ അനുവദിച്ചതും മലബാർ ജില്ലകളിൽ കോൺഗ്രസിന് പ്രാതിനിധ്യം നൽകുന്നതും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് ജില്ലാ പഞ്ചായത്തിൽ എട്ട് സീറ്റ് നൽകിയ കോൺഗ്രസ്, സംസ്ഥാനത്ത് അതിനേക്കാൾ ശക്തിയുള്ള ലീഗിന് ഒറ്റ സീറ്റും അനുവദിക്കാത്തത് കൈയും കെട്ടി നോക്കിയിരിക്കേണ്ടതില്ലെന്നാണ് ലീഗ് നിലപാട്. വിഷയം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ്‌തങ്ങളുടെ ശ്രദ്ധയിൽപെടുത്താനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.









0 comments