ഒഴിഞ്ഞുമാറി വേണുഗോപാൽ
രാഹുൽ ഗാന്ധി പറഞ്ഞാലും കേൾക്കില്ല ; കോൺഗ്രസിന് മുഖ്യം ജമാഅത്തെ ഇസ്ലാമി ബന്ധം

നിലമ്പൂർ
രാഹുൽ ഗാന്ധിയല്ല ജമാഅത്തെ ഇസ്ലാമിയാണ് തങ്ങൾക്ക് മുഖ്യമെന്ന് തെളിയിച്ച് കേരളത്തിലെ കോൺഗ്രസ്. അതുകൊണ്ടാണ് രാഹുലിന്റെ നിലപാട് തള്ളി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ കൂടെകൂട്ടാൻ അവർ തീരുമാനിച്ചത്. ജമാഅത്തെ ഇസ്ലാമി മാതൃകയാക്കുന്ന ആഗോള മുസ്ലിംതീവ്രവാദസംഘടനയായ ബ്രദർഹുഡിനെ ഈയടുത്തും രാഹുൽ നിശിതമായി വിമർശിച്ചിരുന്നു.
ഈജിപ്‌തിൽ രൂപമെടുത്ത ബ്രദർഹുഡിന് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും ആർഎസിനെപ്പൊലെ ജനാധിപത്യം അട്ടിമറിക്കുന്നതാണ് നയമെന്നും ലണ്ടനിൽ കഴിഞ്ഞമാസം നടത്തിയ പ്രഭാഷണത്തിലാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്. ഈജിപ്‌ത്, സൗദി അറേബ്യ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് ബ്രദർഹുഡ്. വഖഫ് വിഷയമുയർത്തി ജമാഅത്തെയുടെ യുവജനസംഘടന സോളിഡാരിറ്റി, കരിപ്പുർ വിമാനത്താവളത്തിലേക്ക് നടത്തിയ മാർച്ചിൽ ബ്രദർഹുഡ് നേതാക്കളുടെ പടം ഉപയോഗിച്ചിരുന്നു. ഏപ്രിൽ ഒമ്പതിനായിരുന്ന സമരം.
ബ്രദർഹുഡ് നേതാക്കളായ ഹസനുൽ ബന്നയുടെയും മുഹമ്മദ് ഖുത്വുബിന്റെയും ചിത്രമാണ് ഉപയോഗിച്ചത്. ഇതിൽ ജമാഅത്തോ സോളിഡാരിറ്റിയോ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനത്തെ സംസ്ഥാന അമീർ പി മുജീബ്‌റഹ്മാനുൾപ്പെടെ ജമാഅത്തെ നേതാക്കളാരും തള്ളിപ്പറയാനും തയ്യാറായില്ല. ഭീഷണിയായി വിശേഷിപ്പിച്ച ബ്രദർഹുഡിനെ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയെയും രാഹുൽഗാന്ധി അംഗികരിക്കില്ലെന്നുറപ്പ്.
എന്നാൽ അത്തരം സംഘടനയുടെ പിന്തുണ സ്വീകരിക്കുക, അവർക്ക് നല്ല സർടിഫിക്കറ്റ് നൽകുക ഇതുവഴി അവസരവാദമുഖം നിലമ്പൂരിൽ പ്രകടിപ്പിക്കയാണ് യുഡിഎഫ്. രാഹുൽഗാന്ധിയല്ല നാല് വോട്ടാണ് പ്രധാനമെന്നതാണ് നിലമ്പൂരിലെ നയം.
ഒഴിഞ്ഞുമാറി വേണുഗോപാൽ
ജമാഅത്തെ ഇസ്ലാമിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകീർത്തിച്ചതിനെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പിൽ ആരുടെയും ഏതു സംഘടനയുടെയും വോട്ടു വാങ്ങുമെന്നും വേണുഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജമാഅത്തെ–-യുഡിഎഫ് ബന്ധത്തെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽനിന്ന് വേണുഗോപാൽ ഒഴിഞ്ഞുമാറി. ജമാഅത്തെയ്‌ക്ക് യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.









0 comments