'കോൺഗ്രസ് ജീവിക്കാൻ അനുവദിക്കുന്നില്ല'; എൻ എം വിജയന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നൽകി. എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും കുടുംബത്തോട് കോൺഗ്രസ് ക്രൂരത തുടരുന്നതിന് പിന്നാലെയാണ് കുടുംബം മുഖ്യമന്ത്രിയെ കാണാനെത്തിയത്.
ജീവിക്കാൻ അനുവദിക്കാത്ത രീതിയിലാണ് ബത്തേരിയിലെ പ്രദേശിക കോൺഗ്രസ് നേതാക്കളടക്കം പ്രവർത്തിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങളടക്കം വെച്ചിട്ടാണ് അനാവശ്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എൻ എം വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ എല്ലാം സംസാരിച്ചു. പ്രശ്‌നങ്ങളിൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും വിഷമിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സൈബർ ആക്രമണത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞു
പ്രിയങ്കാ ഗാന്ധിയടക്കം വീട്ടിൽ വന്ന് തന്നെ ഉറപ്പാണ് കോൺഗ്രസ് ലംഘിച്ചത്. കോൺഗ്രസിൽ ഇനി പ്രതീക്ഷയില്ല. സെപ്തംബറിനുള്ളിൽ വിഷയത്തിൽ നടപടിയെടുത്തില്ലെങ്കിൽ ഒകോബർ രണ്ടിന് ഡിസിസി ഓഫീസിന് മുന്നിൽ കുടുംബത്തോടെ സമരം ഇരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയ്ക്ക് പുറമെ മന്ത്രി ഒ ആർ കേളുവിനെയും കണ്ടു. കോൺഗ്രസ് നേതാക്കളെ ആരെയും കാണാൻ ഉദ്ദേശമില്ലെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു.
2024 ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു. ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും വയനാട് ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചനുമാണ് മരണത്തിനുത്തരവാദികൾ എന്നാണ് വിജയന്റെ ആത്മഹത്യാക്കുറിപ്പ്. ആത്മഹത്യ പ്രേരണാക്കേസിൽ അറസ്‌റ്റിലായ ഒന്നും രണ്ടും പ്രതികളായ ബാലകൃഷ്‌ണനും അപ്പച്ചനും ജാമ്യത്തിലാണ്.









0 comments