കേന്ദ്രത്തിനെതിരായ തൊഴിലാളികളുടെ ഐക്യം തകർക്കുന്നത്‌ കോൺഗ്രസ്‌: ടി പി രാമകൃഷ്ണൻ

TP Ramakrishnan
വെബ് ഡെസ്ക്

Published on Jul 09, 2025, 05:28 PM | 1 min read

കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരായ തൊഴിലാളികളുടെ ഐക്യനിര തകർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമമെന്ന്‌ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ. ഐഎൻടിയുസിയും എസ്‌ടിയുവുമടക്കം തൊഴിലാളി ഐക്യത്തിനൊപ്പം അണിനിരക്കുമ്പോഴാണ്‌ അവരുടെ രാഷ്ട്രീയ നേതൃത്വം ഇതിനെതിരായ നിലപാട്‌ സ്വീകരിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ സഹായകമാണോ ഇന്ത്യയിലെ തൊഴിലാളി വർഗത്തിന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാണോ എന്നവർ ആലോചിക്കണം. സംയുക്ത ട്രേഡ്‌ യൂണിയൻ ആഭിമുഖ്യത്തിൽ പണിമുടക്കിയ തൊഴിലാളികൾ കോഴിക്കോട്‌ ആദായനികുതി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കും കേന്ദ്രതെരഞ്ഞെടുപ്പ്‌ കമീഷൻ നടപടിക്കുമെതിരെ പണിമുടക്ക്‌ ദിവസം ബിഹാറിൽ പ്രതിപക്ഷകക്ഷികൾ എല്ലാവരും ചേർന്ന്‌ സമരം നടത്തിയിരുന്നു. ഈ അന്തരീക്ഷം രാജ്യവ്യാപകമായി ഉയർത്താൻ കഴിയാത്തതിന്‌ എതിരായി നിലപാടെടുത്തവരാണ്‌ മറുപടി പറയേണ്ടതെന്നും ടി പി പറഞ്ഞു. സമരമുഖത്ത്‌ ഐക്യട്രേഡ്‌ യൂണിയൻ സ്വീകരിക്കുന്ന നിലപാടിന്റെ ബോധ്യത്തിൽനിന്നാണ്‌ ഐഎൻടിയുസി നേതൃത്വത്തോട്‌ പണിമുടക്ക്‌ ദിവസം നമുക്കൊരുമിച്ച്‌ സമരം നടത്തിക്കൂടെയെന്ന്‌ ചോദിച്ചത്‌. ഇത്തരം നയങ്ങൾക്കെതിരെ തൊഴിലാളികൾ യോജിച്ച്‌ നിൽക്കണം. ഈ പണിമുടക്കിൽ അത്തരമൊരു കൂട്ടായ്‌മയ്‌ക്ക്‌ അവരുടെ രാഷ്‌ട്രീയ നേതൃത്വം തയ്യാറായില്ല. സമരവുമായി യോജിച്ചുനിൽക്കാൻ ബിഎംഎസ്‌ തയ്യാറാണെങ്കിൽ അവരുമായി ഐക്യപ്പെടാൻ സംഘടനകൾ സന്നദ്ധമാണ്‌. വ്യത്യസ്‌ത കാരണങ്ങൾകൊണ്ട്‌ അവർ ഐക്യനിരയിൽനിന്ന്‌ വേറിട്ടുനിന്നെങ്കിലും ഇനിയും യോജിക്കാൻ സമയമുണ്ടെന്നും ടി പി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home