‘സുരേഷ് ഗോപിക്ക് കോൺഗ്രസ് പിന്തുണ’; തുറന്നു പറഞ്ഞ ഡിസിസി മുൻ ജനറൽ സെക്രട്ടറിയെ പുറത്താക്കി

തൃശൂർ: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപി വിജയിച്ചത് കോൺഗ്രസ് പിന്തുണയിൽ ആണെന്ന് തുറന്നു പറഞ്ഞ തൃശൂർ മുൻ ഡിസിസി ജനറൽ സെക്രട്ടറി പി യതീന്ദ്ര ദാസിനെ പാർടിൽ നിന്ന് പുറത്താക്കി. മുന്‍ ഡി സി സി ജനറല്‍ സെക്രട്ടറിയും ചാവക്കാട് നഗരസഭ കൗണ്‍സിലറും മുന്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാനുമായ പി യതീന്ദ്രദാസിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പത്രകുറിപ്പിറക്കിയത്. ഫോണിലൂടെ പാർട്ടിയെ സംബന്ധിച്ച സത്യങ്ങൾ വിളിച്ചു പറഞ്ഞ പാലോട് രവിയുടെ രാജി എഴുതി വാങ്ങിയതിന് പിന്നാലെയാണ് സമാന നടപടി.
തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായപ്പോൾ, അദ്ദേഹത്തിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് യതീന്ദ്ര ദാസ് പരാമർശം നടത്തിയത്. മക്കളും ഭാര്യമാരും സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടില്ലെന്ന് നെഞ്ചത്ത് കൈവെച്ചു പറയാൻ കഴിയുന്ന എത്ര നേതാക്കൾ കോൺഗ്രസിൽ ഉണ്ടെന്നാണ് യതീന്ദ്ര ദാസ് ചോദിച്ചത്. അഖിലേന്ത്യാ, സംസ്ഥാന നേതാക്കൾ ബി ജെ പിയിലേക്ക് പോകുന്നത് മാത്രമേ വാർത്തയാകുന്നുള്ളൂ. പ്രാദേശിക നേതാക്കളുടെ പോക്കിന്റെ വല്ല കണക്കും കൈയിലുണ്ടോ എന്നും യതീന്ദ്രദാസ് ചോദിച്ചിരുന്നു.
തന്നെ പുറത്താക്കിയ നടപടിയെ പരിഹസിച്ച് യതീന്ദ്ര ദാസ് രംഗത്തെത്തി. ഡിസിസി പ്രസിഡന്റ് ഇത്ര അപഹാസ്യനാകരുതെന്നും തന്നെ പുറത്താക്കിയത് സംഘ് പരിവാറിനെ പ്രീതിപ്പെടുത്താനെണെന്നും യതീന്ദ്ര ദാസ് പ്രതികരിച്ചു. കോൺഗ്രസിൻ്റെ ഭരണഘടന താങ്കളുടെ കയ്യിലില്ലെ? അതുപ്രകാരം ഞാനും താങ്കളും മല്ലികാർജ്ജുന ഖാർഗെക്കും പ്രാഥമിക അംഗത്വമുണ്ടോ? എന്ന ചോദ്യമുന്നയിച്ചാരംഭിക്കുന്ന ഫെയ്ബുക്ക് പോസ്റ്റില്‍ ഇല്ലാത്ത പ്രാഥമിക അംഗത്വത്തിൽ നിന്ന് എന്നെ പുറത്താക്കിയത് സംഘപരിവാറുകാരെ പ്രീതി പ്പെടുത്താനല്ലെ? ഇപ്പോൾ ഈ ചോദ്യത്തിൽ നിർത്തുന്നു എന്നും യതീന്ദ്ര ദാസ് പറഞ്ഞു.
കേരളത്തിൽ എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാവുകയും ചെയ്യുമെന്നായിരുന്നു പാലോട് രവി പറഞ്ഞത്. 'പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൂന്നാമതാകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്താണ് ചെയ്യാൻ പോകുന്നതെന്ന് നീ നോക്കിക്കോ. കാശ് കൊടുത്ത് 40,000–50,000 വോട്ട് പാർലമെന്റ് തിരഞ്ഞെടുപ്പിലെ പോലെ പിടിക്കും. കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാർക്‌സിസ്റ്റ് പാർട്ടി ഭരണം തുടരും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. അതോടെ ഈ പാർട്ടിയുടെ അധോഗതിയായിരിക്കും.
മുസ്ലിം സമുദായങ്ങൾ വേറെ പാർട്ടിയിലേക്കും കുറച്ചുപേർ മാർക്‌സിസ്റ്റ് പാർട്ടിയിലേക്കും പോകും. കോൺഗ്രസിലുണ്ടെന്ന് പറയുന്നവർ ബിജെപിയിലേക്കും മറ്റേതെങ്കിലും പാർട്ടിയിലേക്കും പോകും. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പോടെ ഇതൊരു എടുക്കാചരക്കായി മാറും.വാർഡ് കമ്മിറ്റി പ്രസിഡന്റുമാരുടെ ലിസ്റ്റ് ഇവിടെ തന്നു, വെറും വ്യാജം ആയിരുന്നു. നാട്ടിലിറങ്ങി നടന്ന് ജനങ്ങളോട് സംസാരിക്കാൻ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുള്ളൂ. ഒറ്റൊരുത്തനും ആത്മാർത്ഥമായി പരസ്പര ബന്ധമോ സ്‌നേഹമോ ഇല്ല. എങ്ങനെ കാല് വാരാമോ അത് ചെയ്യും. ഒരോ നേതാവിന്റെ പേര് പറഞ്ഞ്, അവരുമായി ബന്ധം സ്ഥാപിച്ച് ഇതിനെ ചിന്നഭിന്നമാക്കുകയാണ് പലരും'– പലോട് രവി പറഞ്ഞു.









0 comments