ചർച്ച വഴിമുട്ടിച്ചത് പ്രതിപക്ഷനേതാവിന്റെ പിടിവാശി , വടക്കൻ ജില്ലകളെ തൊടരുതെന്ന് സുധാകരൻ , തിരുവനന്തപുരം പിടിക്കാൻ മൂന്ന് വിഭാഗം

കോൺഗ്രസ് പുനഃസംഘടന ; ഭിന്നത രൂക്ഷം , ഡൽഹി ചർച്ച പൊളിഞ്ഞു

congress clash in kerala
avatar
സി കെ ദിനേശ്‌

Published on Aug 09, 2025, 01:37 AM | 1 min read


തിരുവനന്തപുരം

കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരേയും നിശ്ചയിക്കാൻ ഡൽഹിയിൽ മൂന്നു ദിവസമായി നടത്തിയ ചർച്ച പൊളിഞ്ഞു. കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്റെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ജംബോ പട്ടികയാകാം എന്ന പൊതുധാരണയുണ്ടാക്കിയിരുന്നു. എന്നിട്ടും ഹൈക്കമാൻഡിന്‌ പട്ടിക നൽകാനാകാതെ യോഗം അവസാനിപ്പിച്ചു.


തിരുവനന്തപുരം ഡിസിസിക്കായുള്ള വി ഡി സതീശന്റെ പിടിവാശിയാണ്‌ പ്രശ്നമായതെന്ന്‌ ചില നേതാക്കൾ സൂചിപ്പിച്ചു. തന്നെ തഴഞ്ഞാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന കെ സുധാകരന്റെ ഭീഷണിയും തടസ്സമായി. ചില എംപിമാർ ഉയർത്തിയ വെല്ലുവിളികൾ പരിഹരിക്കാനും നേതാക്കൾക്കായില്ല.


തിരുവനന്തപുരം ഡിസിസി പിടിക്കാൻ മൂന്ന്‌ വിഭാഗങ്ങൾ കച്ചമുറുക്കിയിട്ടുണ്ട്‌. ചെമ്പഴന്തി അനിലിനായി വി ഡി സതീശൻ ശക്തമായി വാദിച്ചു. ടി ശരത്‌ചന്ദ്ര പ്രസാദ്‌, മണക്കാട്‌ സുരേഷ്‌, കെ എസ്‌ ശബരീനാഥൻ, ആർ വി രാജേഷ്‌, എ വിൻസന്റ്‌ തുടങ്ങിയവരെ മുൻനിർത്തി വിവിധ ഗ്രൂപ്പുകളും നിലയുറപ്പിച്ചു. ശരത്‌ചന്ദ്ര പ്രസാദിനെ ചെന്നിത്തല അടക്കമുള്ളവരും പിന്തുണച്ചതായി അറിയുന്നു. തർക്കം രൂക്ഷമായതോടെ താൽകാലിക ചുമതലയുള്ള എൻ ശക്തൻ തുടരട്ടെയെന്ന്‌ അടൂർ പ്രകാശും ശശി തരൂരും നിലപാട്‌ എടുത്തു.


കണ്ണൂരടക്കം വടക്കൻ ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാരെ തൊടരുതെന്നായിരുന്നു കെ സുധാകരന്റെ ഭീഷണി. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ തന്നെ നീക്കാൻ ഗൂഢാലോചന നടത്തിയ യുവനേതാവിനെ ഉപാധ്യക്ഷനാക്കാനുള്ള നീക്കവും സുധാകരൻ തടഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കം പല എംപി മാരും അതത്‌ ഡിസിസി പ്രസിഡന്റ്‌ ഉൾപ്പെടെ വിവിധ സ്ഥാനങ്ങളിലേക്ക്‌ പേരുകൾ നൽകിയിട്ടുണ്ട്‌. ഇവരാരും നേരത്തെ നേതാക്കൾ തയ്യാറാക്കിയ പട്ടികയിലുള്ളവരല്ല.





deshabhimani section

Related News

View More
0 comments
Sort by

Home