അടൂരിനും സുധാകരനും ഇളവ്‌ നൽകിയേക്കാം

എംപിമാർ കൂട്ടത്തോടെ 
മത്സരിക്കേണ്ട ; എതിർപ്പുമായി നേതൃത്വം

congress clash
വെബ് ഡെസ്ക്

Published on Aug 21, 2025, 01:06 AM | 1 min read


തിരുവനന്തപുരം

പത്തോളം കോൺഗ്രസ്‌ എംപിമാർ നിയമസഭയിലേക്ക്‌ മത്സരിക്കാൻ അനുമതി ചോദിച്ച്‌ ഹൈക്കമാൻഡിനെ സമീപിച്ചതോടെ എതിർപ്പുമായി നേതൃത്വം. അനിവാര്യമെന്ന്‌ തോന്നുന്ന ഒന്നോ രണ്ടോ പേരൊഴികെ ആരും മത്സരിക്കേണ്ടെന്ന സന്ദേശം ഹൈക്കമാൻഡിൽനിന്ന്‌ നൽകിയതായാണ്‌ വിവരം. കോന്നിയിൽ അടൂർ പ്രകാശും കണ്ണൂരോ അഴീക്കോടോ സുധാകരനും മത്സരിക്കണമെന്ന കാര്യത്തിൽ മാത്രമാണ്‌ ധാരണയായത്‌. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ മാറ്റിയപ്പോൾ എഐസിസി നേതൃത്വം സുധാകരന്‌ നൽകിയ വാക്കാണ്‌ നിയമസഭ സീറ്റ്‌. എല്ലാവരുംകൂടി മത്സരിക്കാൻ ഇറങ്ങുന്നതിനെതിരെ യുവനേതാക്കൾ പരാതിപ്പെട്ടിരുന്നു. ഇ‍ൗ സാഹചര്യത്തിലാണ്‌ കൂട്ടത്തോടെ എംപിമാർ മത്സരിച്ചാൽ പാർട്ടിയിൽ കലാപമാകുമെന്ന വിലയിരുത്തൽ.


അതേസമയം, മാവേലിക്കരയിൽ കൊടിക്കുന്നിലും ആറന്മുളയിൽ ആന്റോ ആന്റണിയും പ്രവർത്തനം തുടങ്ങിയതായാണ്‌ ഇവർക്കൊപ്പമുള്ള നേതാക്കൾ പറയുന്നത്‌. എതിർപ്പുകൾ ആദ്യമുണ്ടാകുമെന്നും ഒത്തുതീർപ്പ്‌ സമയത്ത്‌ വഴങ്ങേണ്ടിവരുമെന്നുമാണ്‌ ഇവരുടെ പക്ഷം. തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചന ശശി തരൂരും നൽകുന്നുണ്ട്‌. തരൂരിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കേരളത്തിലെ നേതാക്കൾക്കോ കെ സി വേണുഗോപാലിനോ കഴിയില്ലെന്നതിനാൽ മത്സരസാധ്യത നേതാക്കൾ തള്ളിക്കളയുന്നില്ല. സോണിയ ഗാന്ധി തന്നെ തരൂരിനുവേണ്ടി തിരുവനന്തപുരം നിർദേശിക്കുമെന്നാണ്‌ തരൂർ അനുകൂലികൾ പ്രതീക്ഷിക്കുന്നത്‌.


എന്നാൽ, നിയമസഭയിലേക്ക്‌ ചെറുപ്പക്കാർ മത്സരിക്കട്ടെയെന്നും എംപിമാർ പാർലമെന്റിലെ പ്രവർത്തനം കൃത്യമായി നടത്തട്ടെയെന്നുമാണ്‌ മുതിർന്ന നേതാവ്‌ വി എം സുധീരന്റെ അഭിപ്രായം. നിയമസഭയിലേക്ക്‌ മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന ചെറുപ്പക്കാരെ നിരാശപ്പെടുത്തരുതെന്നും അദ്ദേഹം പറയുന്നു.


നിയമസഭയിലേക്ക്‌ മത്സരിക്കാൻ എംപിമാരുടെ ആവശ്യമില്ലെന്നാണ്‌ കെ മുരളീധരന്റെ വാദം. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താൽപര്യം മുരളീധരൻ മാധ്യമങ്ങളുമായി പങ്കുവച്ചു. ചില വിരമിച്ച ഐഎഎസ്‌ ഉദ്യോഗസ്ഥരെ വട്ടിയൂർക്കാവിൽ കോൺഗ്രസ്‌ അവതരിപ്പിക്കുന്ന സാഹചര്യത്തിലാണിത്‌.


എംപിമാർ മത്സരിക്കുന്നത് 
നിരുത്സാഹപ്പെടുത്തണം: വി എം സുധീരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കുന്നത്‌ ഒഴിവാക്കുന്നതാണ്‌ നല്ലതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരൻ പറഞ്ഞു. എംപിമാർ മത്സരിക്കുന്നത്‌ കഴിയുന്നതും നിരുത്സാഹപ്പെടുത്തണം. അനിവാര്യമായ സാഹചര്യത്തിലാണ്‌ ചിലപ്പോൾ മത്സരിക്കുന്നത്‌. അത്‌ പാർടി നേതൃത്വമാണ്‌ തീരുമാനിക്കേണ്ടത്‌. പുതിയ തലമുറ വരണമെന്നാണ്‌ അഭിപ്രായമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടിയായി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home