print edition പ്രകാശിപ്പിച്ചിട്ടും പുറത്തിറക്കിയില്ല ; കുറ്റപത്രത്തെ ചൊല്ലി യുഡിഎഫിൽ തർക്കം

മിൽജിത് രവീന്ദ്രൻ
Published on Nov 20, 2025, 02:30 AM | 1 min read
തിരുവനന്തപുരം
എൽഡിഎഫ് സർക്കാരിനെതിരെ പ്രകാശിപ്പിച്ച കുറ്റപത്രത്തെ ചൊല്ലി യുഡിഎഫിൽ തർക്കം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്‌മുൻഷിയുടെ സാന്നിധ്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ ചേർന്നാണ് കുറ്റപത്രം പ്രകാശിപ്പിച്ചത്. ഇത് മാധ്യമങ്ങൾക്ക് ഇമെയിലായി നൽകുമെന്ന് അറിയിച്ചെങ്കിലും രാത്രി വൈകുംവരെ അതുണ്ടായില്ല. പ്രതിപക്ഷ നേതാവിന്റെ ഓഫീസ് തയ്യാറാക്കിയ കുറ്റപത്രത്തിലെ ചില കാര്യങ്ങൾ നേതാവ് രമേശ് ചെന്നിത്തലയും ഘടകകക്ഷിയിലെ ചില നേതാക്കളും എതിർത്തതിനാലാണിതെന്നാണ് വിവരം.
കൂടിയാലോചനയില്ലാതെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഏകപക്ഷീയമായാണ് കുറ്റപത്രം തയ്യാറാക്കിയത്. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ എല്ലാ വികസന, ക്ഷേമ പ്രവർത്തനങ്ങളെയും തള്ളിപ്പറയുന്നത് തിരിച്ചടിയാകുമെന്ന് മറ്റു നേതാക്കൾ ചൂണ്ടിക്കാട്ടിയെന്നാണ് സൂചന.
തിരുത്തുണ്ടെന്നും വൈകിട്ട് കുറ്റപത്രം എത്തിക്കുമെന്നുമാണ് കെപിസിസി ഓഫീസിൽ ബന്ധപ്പെട്ട മാധ്യമങ്ങളെ അറിയിച്ചത്. പിന്നീട് പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ബന്ധപ്പെട്ടവരോട് കരടാണ് പ്രകാശിപ്പിച്ചതെന്നും അന്തിമ കുറ്റപത്രം വ്യാഴാഴ്‌ച പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചു.
മറ്റു നേതാക്കളെ കണക്കിലെടുക്കാതെ പ്രതിപക്ഷ നേതാവ് ഏകപക്ഷീയമായാണ് നീങ്ങുന്നതെന്ന് പരാതിയുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വർക്കിങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ്, കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ പി എം എ സലാം, മോൻസ് ജോസഫ്, ഷിബു ബേബിജോൺ, സി പി ജോൺ, ജി ദേവരാജൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.









0 comments