print edition ലൈഫ് പദ്ധതി അട്ടിമറിച്ച് കോൺഗ്രസ് – ബിജെപി ഭരണസമിതി; സഹോദരിമാരുടെ സ്വപ്‌നം തകർത്തത് എലപ്പുള്ളി പഞ്ചായത്ത്

അതിദരിദ്രരുടെ പട്ടികയിൽ ഇല്ലാത്തവരെന്ന പേരിൽ മാതൃഭൂമിയിലും മനോരമയിലും നൽകിയ വാർത്ത
വേണു കെ ആലത്തൂർ
Published on Nov 09, 2025, 12:00 AM | 1 min read
പാലക്കാട് : എലപ്പുള്ളി പഞ്ചായത്തിലെ കോൺഗ്രസ് – ബിജെപി ഭരണസമിതി ലൈഫ് ഭവന പദ്ധതി അട്ടിമറിച്ചതിന്റെ ഇരകളാണ് രാമശേരി പച്ചരിക്കുളന്പിലെ സഹോദരങ്ങളായ ദേവുവും കല്യാണിയും. അതിദരിദ്രരുടെ പട്ടികയിൽ ഇല്ലാത്ത ഇവരുടെ വാർത്ത മാതൃഭൂമിയും മനോരമയും കഴിഞ്ഞ ദിവസം നൽകിയിരുന്നു. എന്നാൽ, യഥാർഥ വസ്‌തുത മറച്ചുവച്ച് അതിദാരിദ്ര്യമുക്ത നവകേരളം പദ്ധതിയെ അപകീര്‍ത്തിപ്പെടുത്താനാണ് പത്രങ്ങൾ ശ്രമിച്ചത്.
ഇരുവര്‍ക്കും ആശ്രയ പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യക്കിറ്റ് നൽകുന്നതും ദേവുവിന് ക്ഷേമ പെൻഷനുളള വിവരവും ഇതിനായി ബോധപൂർവം മറച്ചുവച്ചു. അമ്മ ചെല്ലയുടെ പേരിലുള്ള റേഷൻ കാർഡിൽ ഇരുവരുടെയും പേരുണ്ട്. ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവർ അതിദരിദ്രരുടെ പട്ടികയിൽ വരില്ലെന്നുള്ള വിവരവും പത്രങ്ങൾ മുക്കി. എന്നാൽ, ഇവർക്ക് ലെെഫ് വീട് കിട്ടാതിരിക്കാൻ കാരണം യുഡിഎഫ്– ബിജെപി സഖ്യമുളള എലപ്പുള്ളി പഞ്ചായത്ത് ഭരണസമിതിയാണെന്ന യാഥാർഥ്യം നിഷ്പക്ഷ മാധ്യമങ്ങൾ അറിഞ്ഞതേയില്ല.
കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി എലപ്പുള്ളി പഞ്ചായത്തിൽ ലൈഫ് പദ്ധതി, റീബിൽഡ് കേരള എന്നിവയിലുൾപ്പെടുത്തി 585 വീടാണ് നിർമിച്ചത്. എന്നാൽ, ബിജെപി സഹായത്തോടെ യുഡിഎഫ് ഭരണസമിതി വന്നതോടെ പദ്ധതി അട്ടിമറിച്ചു. അഞ്ചുവർഷംകൊണ്ട് ആകെ അനുവദിച്ചത് 13 വീടാണ്. എസ്‌സി വിഭാഗത്തിൽ 66 ഉം. ലൈഫ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ ഈ സഹോദരിമാർക്ക് എന്നേ വീട് കിട്ടുമായിരുന്നു.









0 comments