ലഹരി മാഫിയസംഘങ്ങൾ തമ്മിൽ സംഘർഷം: യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

കുന്നംകുളം : പെരുമ്പിലാവിൽ ലഹരി മാഫിയ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഭാര്യയുടെ മുന്നിൽ വച്ച് യുവാവിനെ വെട്ടി കൊന്നു. മരത്തംകോട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയ് (28) ആണ് മരിച്ചത്. പെരുമ്പിലാവ് ആൽത്തറയിൽ നാല് സെന്റ് കോളനിയിലാണ് സംഭവം. അക്ഷയ്‌യും ഭാര്യയും ചേർന്ന് വെള്ളിയാഴ്ച വൈകീട്ട് കോളനിയിൽ സുഹൃത്തുക്കളെ കാണാൻ എത്തിയിരുന്നു. പെരുമ്പിലാവ് കറുപ്പം വീട്ടിൽ ബാദുഷ (28)യുടെ വീട്ടിലെത്തിയപ്പൊൾ ഇവരുമായി തർക്കമുണ്ടായി. രാത്രി എട്ടോടെ തിരിച്ചു പോകാൻ നേരത്ത് രണ്ട് പേർ ചേർന്ന് അക്ഷയ്‍യെ ആക്രമിച്ചു. വെട്ടേറ്റ ഇയാൾ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സുഹൃത്തുക്കളായ ലിഷോയ്, ബാദുഷ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിനിടെ പരിക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മൂന്ന് പേരും. മൂന്ന് മാസം മുൻപാണ് അക്ഷയ്‌യുടെ വിവാഹം നടന്നത്. കഴിഞ്ഞ മാസം ഇയാളെ കഞ്ചാവുമായി നഗരത്തിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.









0 comments