5.7 ലക്ഷം രൂപ കവര്‍ന്നെന്ന വ്യാജപ്രചാരണം: എംഎസ്എഫിനെതിരെ പരാതി നല്‍കി

മലപ്പുറം : കലിക്കറ്റ് സർവകലാശാലാ യൂണിയൻ ഓഫീസ് ആക്രമിച്ച് 5.7 ലക്ഷം രൂപ കവർന്നെന്ന എംഎസ്എഫിന്റെയും ചന്ദ്രിക പത്രത്തിന്റെയും വ്യാജപ്രചാരണത്തിനെതിരെ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഇ അഫ്സൽ പൊലീസിൽ പരാതി നൽകി.
ജനുവരി 15, 16 തീയതികളിൽ സർവകലാശാലാ ക്യാമ്പസിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെയും ലീഗ് മുഖപത്രം ചന്ദ്രികയുടെയും നേതൃത്വത്തിൽ തനിക്കെതിരെ വസ്തുതാവിരുദ്ധമായ പ്രചാരണമാണ് നടക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ജനുവരി 16ന് മുംബൈയിൽ നടക്കുന്ന എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനായി 12224 നമ്പർ തുരന്തോ എക്‌സ്‌പ്രസിൽ യാത്രചെയ്യുകയായിരുന്നു താൻ. 15ന് രാത്രി 10ന് തിരൂരിൽനിന്ന് 12082 ജനശതാബ്‌ദി എക്സ്പ്രസിൽ കോഴിക്കോട് ചെന്നാണ് മുംബൈയിലേക്കുള്ള ട്രെയിനിൽ കയറിയത്.
യൂണിയന്റെ 5.7 ലക്ഷം രൂപ അഴിമതി നടത്താനുള്ള എംഎസ്എഫ് നേതാക്കളുടെ കുതന്ത്രമാണ് വ്യാജപ്രചാരണത്തിനുപിന്നിലെന്നും പരാതിയിലുണ്ട്. ശാസ്ത്രീയമായ അന്വേഷണം നടത്തി സത്യം തെളിയിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.









0 comments