സ്ത്രീകളുടെ ശരീരഘടനയെ പരാമർശിക്കുന്നത് ലെെംഗികപീഡനപരിധിയിൽ വരുന്ന കുറ്റം: ഹെെക്കോടതി

കൊച്ചി> സ്ത്രീകളുടെ ശരീരഘടനയെ പരാമർശിക്കുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകരമാണെന്ന് ഹൈക്കോടതി. ഇത്തരം പരാമർശങ്ങൾ ലെെംഗിക പീഡന പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി. സഹപ്രവർത്തകയുടെ പരാതിയിൽ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻനായർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. ‘ഒരാൾക്ക് നല്ല ബോഡി സ്ട്രക്‌ചറാണെന്ന്’ പറയുന്നത് ലൈംഗികച്ചുവയുള്ള പരാമർശമാകില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി.
സഹപ്രവർത്തകയുടെ ശരീരഘടനയെ പുകഴ്ത്തുകയും അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയിലായിരുന്നു കേസ്. 2013–-17 കാലഘട്ടത്തിൽ പ്രതി സർവീസിൽ ഉണ്ടായിരുന്നപ്പോഴാണ് സംഭവം. രാമചന്ദ്രൻനായർക്കെതിരെ യുവതി മേലധികാരികൾക്കും കെഎസ്ഇബി വിജിലൻസിനും പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പൊലീസിനെ സമീപിച്ചത്. ലൈംഗിക പീഡനം, സ്ത്രീയുടെ അന്തസ് കളങ്കപ്പെടുത്തൽ, പിന്തുടർന്ന് ശല്യപ്പെടുത്തൽ എന്നീ വകുപ്പുകൾപ്രകാരമാണ് കേസ്.









0 comments