കയർ വ്യവസായത്തിന് കേന്ദ്രധനസഹായം കുത്തനെ ഇടിഞ്ഞു; കേരളത്തിന്റെ വിഹിതത്തിൽ കുറഞ്ഞത് 95 ശതമാനം

coir
വെബ് ഡെസ്ക്

Published on Aug 11, 2025, 07:29 PM | 2 min read

ന്യൂഡല്‍ഹി: കയർ വ്യവസായത്തിനു നൽകുന്ന കേന്ദ്ര സഹായം കുത്തനെ ഇടിഞ്ഞതായി കേന്ദ്രം.ഡോ വി ശിവദാസൻ എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇത് സംബന്ധിച്ച അറിയിപ്പ്. കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ് സഹമന്ത്രി ശോഭ കാരന്ദലാജെ നൽകിയ മറുപടിയിൽ ആണ് ഇക്കാര്യം വ്യക്തമായത്. കേരളത്തിന്റെ വിഹിതം 95 ശതമാനത്തോളം കുറഞ്ഞപ്പോൾ , 77 ശതമാനം ആണ് ഇന്ത്യയിലാകെ കുറഞ്ഞത്.


കയർ വികാസ് യോജന (CVY) യിൽ അനുവദിക്കപ്പെട്ട തുക 2020-21 ൽ 2,094 ലക്ഷം രൂപ ആയിരുന്നു. ഈ തുക, 2021 –22 ൽ 1,936 ലക്ഷം രൂപയായും 2022 –23 ൽ 1,723 ലക്ഷം രൂപയായും 2023-24 ൽ 1,681 ലക്ഷം രൂപയായും 2024–25ൽ 609 ലക്ഷം രൂപയായും കുറഞ്ഞു.


പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജെനറേഷൻ പ്രോഗ്രാം (PMEGP) പ്രകാരം, കയർ യൂണിറ്റുകൾക്ക് നീക്കി വെച്ച തുക 2020 –21ൽ 3,560 ലക്ഷം രൂപയായിരുന്നു. ഇത് 3,469 ലക്ഷം രൂപയായും (2021–22) 1,927 ലക്ഷം രൂപയായും (2022–23) 1,207 ലക്ഷം രൂപയായും (2023–24) 699 ലക്ഷം രൂപയായും (2024–25) കുറഞ്ഞു.


കയർ വികാസ് യോജന പ്രകാരം, കേരളത്തിന്റെ വിഹിതം 2020–21 ൽ 1,375 ലക്ഷം ൽ നിന്ന് 977 ലക്ഷം (2021–22), 698 ലക്ഷം (2022–23), 523 ലക്ഷം (2023–24), 113 ലക്ഷം (2024–25) എന്നിങ്ങനെ കുറഞ്ഞു. ഇടിവ് 91.78 ശതമാനം.


പ്രധാനമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം പ്രകാരം, സംസ്ഥാനത്തിന്റെ വിഹിതം ₹171 ലക്ഷം (2020–21) ൽ നിന്ന് 251 ലക്ഷം (2021–22), 129 ലക്ഷം (2022–23), 93 ലക്ഷം (2023–24), 4 ലക്ഷം (2024–25) എന്നിങ്ങനെയാണ് കുറഞ്ഞത്. ശതമാനക്കണക്കിൽ 97.6 ശതമാനമാണ് ഇടിവ്.


സാധാരണക്കാരിൽ സാധാരണക്കാരായവരുടെ ആശ്രയമാണ് പരമ്പരാഗത വ്യവസായങ്ങൾ. ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളോട് നിർദ്ദയമായിട്ടാണ് കേന്ദ്രസർക്കാർ പെരുമാറുന്നത് എന്ന് വി ശിവദാസൻ പറഞ്ഞു. ഗ്രാമീണ ഇന്ത്യയുടെ ആശ്രയമായ ഓരോ മേഖലയും തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാരിന്റേത്. കയർ മേഖലയോടുള്ള അവഗണന അതിന്റെ ഭാഗമാണെന്നും വി ശിവദാസൻ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Home