നഷ്‌ടക്കണക്കുകൾ പഴങ്കഥ; ലാഭത്തിൽ കുതിച്ച് കയർ കോർപറേഷനും ഫോംമാറ്റിങ്‌സും

ആലപ്പുഴ: കയർ പൊതുമേഖല സ്ഥാപനങ്ങളായ കേരള സ്‌റ്റേറ്റ് കയർ കോർപറേഷനും ഫോംമാറ്റിങ്‌സും ലാഭക്കുതിപ്പിൽ. 2024-25 സാമ്പത്തിക വർഷം 176 കോടി വിറ്റുവരവും 1.13 കോടി ലാഭവും നേടിയ കയർ കോർപറേഷൻ സഞ്ചിത നഷ്‌ടമൊഴിവാക്കി പൂർണമായും ലാഭത്തിലായി. വിറ്റുവരവിൽ മുൻ വർഷത്തേക്കാൾ 16 കോടിയുടെയും ലാഭത്തിൽ 33 ലക്ഷത്തിന്റെയും വർധനയാണ് കോർപറേഷൻ നേടിയത്.
വാൾമാർട്ടുമായി ധാരണയിലെത്തി അവരുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിഞ്ഞതും ഫ്രാൻസ്, നെതർലൻഡ്‌സ്, യുഎസ്, ബ്രസീൽ, യുകെ എന്നീ രാജ്യങ്ങളിലേക്ക് പുതുതായി കയറ്റുമതി ആരംഭിക്കാനായതും കയർ കോർപറേഷന് കരുത്തായി. വിദേശ വ്യാപാരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് മാത്രം രണ്ടുകോടിയുടെ വർധനയാണ് കോർപറേഷൻ നേടിയത്. പരമ്പരാഗത ഉൽപ്പന്നങ്ങളുടെ സംഭരണത്തിലും വിപണനത്തിലും ഗണ്യമായ വർധനയുണ്ടായി. പരമ്പരാഗത ഉൽപ്പന്ന വിപണനം 91 കോടിയിൽനിന്ന് 110 കോടിയായി ഉയർന്നു.
മറ്റ് സംസ്ഥാനങ്ങളിൽ കയറിന്റെ വിപണനസാധ്യത വർധിപ്പിക്കുന്നതിന് നടത്തിയ ഇടപെടലുകളും ഫലംകണ്ടു. ഒഡീഷയിലെ ഖനികളിൽനിന്ന് രണ്ടുകോടിയുടെ കയർ ഭൂവസ്‌ത്രത്തിനുള്ള ഓർഡർ ലഭിച്ചത് പുത്തൻ ചുവടുവയ്‌പാണ്. വിദേശ വ്യാപാരത്തിന് അന്താരാഷ്‌ട്ര ഗുണനിലവാരം ഉറപ്പാക്കുന്ന സെഡക്‌സ് സർട്ടിഫിക്കേഷൻ അടക്കം നിരവധി പുരസ്‌കാരങ്ങൾ കോർപറേഷന്റെ മികവിന് സാക്ഷ്യമായി.
സക്‌സസ് ട്രാക്കിൽ തുടർന്ന് ഫോംമാറ്റിങ്‌സും
2023-24 സാമ്പത്തികവർഷം ചരിത്രത്തിലാദ്യമായി 13.4 കോടിയുടെ വിറ്റുവരവും എട്ടുലക്ഷത്തിന്റെ ലാഭവും നേടിയ ഫോംമാറ്റിങ്‌സ് 2024-25 സാമ്പത്തിക വർഷവും മികവുയർത്തി. 2024-25ൽ വിറ്റുവരവ് 16.5 കോടിയായും ലാഭം 20 ലക്ഷമായും വർധിപ്പിച്ചു. വിറ്റുവരവിൽ 25 ശതമാനം വർധന. വർഷങ്ങൾക്ക് ശേഷം വിദേശ വ്യാപാരം ആരംഭിച്ച് 40 ലക്ഷത്തിന്റെ ഉൽപ്പന്നങ്ങൾ ഫ്രാൻസിലെത്തിച്ചു. പ്രവർത്തനക്ഷമമല്ലാതിരുന്ന മുഴുവൻ പ്ലാന്റുകളും പ്രവർത്തിപ്പിക്കാനായതാണ് നേട്ടത്തിന് പിന്നിൽ. ലാറ്റക്‌സ് ബാക്കിങ് പ്ലാന്റ്, ലൂമുകൾ, ഡൈയിങ് യൂണിറ്റ് എന്നിവ പൂർണമായും പ്രവർത്തനസജ്ജമായി. വർഷങ്ങളായി മുടങ്ങിയ തൊഴിലാളികളുടെ ആനുകൂല്യങ്ങളും നൽകി.









0 comments