നവീകരണത്തിന്‌ നാന്ദിയായി ‘പുതിയകാലം പുതിയ സമീപനം’

coir
വെബ് ഡെസ്ക്

Published on Sep 24, 2025, 07:56 AM | 2 min read

ആലപ്പുഴ: പുതിയ കാലഘട്ടത്തിന്‌ അനുസൃതമായി കയർമേഖലയിൽ കൊണ്ടുവരേണ്ട മാറ്റങ്ങൾ കയർ കോൺക്ലേവ്‌ ചർച്ച ചെയ്‌തു. ‘പുതിയകാലം പുതിയ സമീപനം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, ചെറുകിട ഉൽപ്പാദക സംഘം പ്രതിനിധികൾ, കയർപിരി സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.


കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്‌ചാത്തലത്തിൽ, പുതിയ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനായി യന്ത്രവൽക്കൃത കയർപിരി മെഷീനുകൾ സംഘങ്ങൾക്ക്‌ നൽകണമെന്ന്‌ കയർഫെഡ്‌ ചെയർമാൻ ടി കെ ദേവകുമാർ പറഞ്ഞു. വിപണിയിൽ പ്രിയമുള്ള ഉൽപ്പന്നങ്ങൾ തയ്യാറാക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനെ ആശ്രയിച്ച്‌ മുന്നോട്ടുപോകുന്നത്‌ കയറിന്റെയും ചകിരിയുടെയും വില ക്രമാതീതമായി വർധിപ്പിക്കുന്നതായി കയർ കോർപറേഷൻ ചെയർമാൻ ജി വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്ത്‌ ലഭ്യമായ ചകിരി സംഭരിക്കണം. കയർ ഭൂവസ്‌ത്രത്തിന്റെ പുതിയ സാധ്യത കണ്ടെത്തി ഉപയോഗിക്കണം.കയർവ്യവസായത്തിന്റെ നിലനിൽപ്പിന് ആവശ്യമായ സ‍ൗകര്യങ്ങൾ ഉണ്ടാക്കണമെന്ന്‌ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു പറഞ്ഞു. ചകിരി വേർതിരിക്കൽ യൂണിറ്റുകൾ പലയിടത്തും പ്രവർത്തിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ പിന്തുണയും കിട്ടുന്നില്ല. ചകിരിച്ചോറ്‌ ശരിയായി സംസ്‌കരിച്ചാൽ വലിയ വിലയുള്ള ഉൽപ്പന്നമാകും.


കയർസംഘങ്ങൾക്ക്‌ നൽകിയിട്ടുള്ള പഴയ യന്ത്രങ്ങൾക്ക്‌ പകരം ഗുണമേന്മയുള്ള ഓട്ടോ ഫീഡർ മെഷീനുകൾ നൽകണമെന്ന്‌ കയർ സൊസൈറ്റി പ്രസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ വേലൻചിറ സുകുമാരൻ പറഞ്ഞു.

കേരളത്തിലെ തൊണ്ട്‌ കയർവ്യവസായത്തിൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും ഇത്‌ പരിഹരിക്കാൻ സംവിധാനം വേണമെന്നും എഐടിയുസി നേതാവ്‌ പ്രകാശൻ പറഞ്ഞു. വ്യവസായത്തിന്‌ ആവശ്യമായ വിവിധതരം കയറുകൾ ഉൽപ്പാദിപ്പിക്കാൻ പറ്റിയതരത്തിലുള്ള യന്ത്രങ്ങൾ വേണമെന്ന്‌ യുടിയുസി നേതാവ്‌ സി എസ്‌ രമേശൻ പറഞ്ഞു. വൈവിധ്യവൽക്കരണത്തിനൊപ്പം ഗുണനിലവാരവും ഉൽപ്പന്നങ്ങൾക്ക്‌ ഉറപ്പാക്കാൻ കഴിയണമെന്ന്‌ ബിഎംഎസ്‌ നേതാവ്‌ ബിനീഷ്‌ ബോയ്‌ പറഞ്ഞു. തമിഴ്‌നാട്ടിലെ കയറിനെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കണമെന്നും ആധുനികവൽക്കരണം വേണമെന്നും ടിയുസിഐ നേതാവ്‌ സലിം ബാബു പറഞ്ഞു.


മലപ്പുറം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിൽനിന്ന്‌ തൊണ്ട്‌ തമിഴ്‌നാട്ടിലേക്ക്‌ പോയി അത്‌ ചകിരിയായി ഇവിടെ വരികയാണെന്നും കയർ സെന്റർ ജനറൽ സെക്രട്ടറി കെ കെ ഗണേശൻ പറഞ്ഞു. ഇ‍ൗ സ്ഥിതി മാറണമെന്നും ആധുനികവൽക്കരണം ശക്‌തമാക്കി ഉൽപ്പാദനം കൂട്ടണമെന്നും കെ കെ ഗണേശൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home