കാലാവസ്ഥാ വ്യതിയാനം ; കുരുമുളക്, കാപ്പി ഉൽപ്പാദനത്തിൽ ഗണ്യമായ കുറവ്

ജോബി ജോർജ്
Published on Jan 10, 2025, 03:09 AM | 1 min read
ഇടുക്കി
ഹൈറേഞ്ചിൽ കാപ്പി, കുരുമുളക് വിളവെടുപ്പ് ഇക്കുറി താമസിക്കും. നവംബർ–-ഡിസംബർ മാസങ്ങളിലുണ്ടായ മഴയാണ് തടസമായത്. കാപ്പിക്കുരുവിന് 230 –- 240 രൂപ കിലോയ്‌ക്ക് വിലയുണ്ട്. പുതിയ കുരുമുളകിന് 635–- 640 രൂപയുമുണ്ട്.
നേരത്തെ പാകമാകുന്ന അറബി ഇനത്തിൽപ്പെട്ട കാപ്പി സമയത്ത് ഉണക്കിയെടുക്കാനായില്ല. റോബസ്‌റ്റ, മേട്ടുകാപ്പി എന്നീ ഇനങ്ങളിൽ ഇത്തവണ വിളവ് കുറവുമാണ്. ഇത്തവണ വിളവെടുപ്പ് സീസണിൽ കാലം തെറ്റിയ മഴമൂലം, നേരത്തെ പാകമാകുന്ന കുരുമുളക്, വെള്ളമുണ്ടി, പന്നിയൂർ ഇനങ്ങളും മഴമൂലം വെയിലിൽ ഉണക്കിയെടുക്കാനായില്ല. കണ്ണിപൂത്തും കോത്തൽപൊഴിഞ്ഞും നാശമുണ്ടായി. ചില കർഷകർ സ്‌റ്റോറിൽ ഉണക്കിയ കുരുമുളക് പൊടിഞ്ഞ് തൂക്കം കുറയുകയും ചെയ്‌തു. കാലംതെറ്റിയ മഴയിൽ കുരുമുളകിന് വളർച്ചയും കുറഞ്ഞു. കരിമുണ്ട, നീലമുണ്ടി ഇനങ്ങളുടെ വിളവെടുപ്പ് ഫെബ്രുവരി–-മാർച്ച് മാസങ്ങളിലേക്ക് നീളും.
ഹൈറേഞ്ചിലെ ഉപ്പുതറ, ഇരട്ടയാർ, കാമാക്ഷി, കൊന്നത്തടി, രാജാക്കാട്, തുടങ്ങിയ മേഖലകളിലും കുരുമുളക് ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു.









0 comments