പൊതുവിപണിയിൽ വെളിച്ചെണ്ണവില ലിറ്ററിന് 280 മുതൽ 460 രൂപവരെയായി
നാളികേരോൽപ്പാദനം ഇടിഞ്ഞു ; വെളിച്ചെണ്ണവില കുതിക്കുന്നു

കെ പ്രഭാത്
Published on Jun 27, 2025, 01:45 AM | 1 min read
കൊച്ചി
കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് നാളികേരോൽപ്പാദനം കുത്തനെ ഇടിഞ്ഞതോടെ വെളിച്ചെണ്ണവില കുതിക്കുന്നു. മറ്റു നാളികേരോൽപ്പാദന രാജ്യങ്ങളായ ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലും വിളവ് കുറഞ്ഞത് പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലക്കയറ്റത്തിന് ഇടയാക്കി. പൊതുവിപണിയിൽ വെളിച്ചെണ്ണവില ലിറ്ററിന് 280 മുതൽ 460 രൂപവരെയായി.
ഉൽപ്പാദനം വർധിച്ച കഴിഞ്ഞ മൂന്നുവർഷവും നാളികേരത്തിന് വിലയിടിഞ്ഞിരുന്നു. കർഷകരും വൻ പ്രതിസന്ധിയിലായി. ഈവർഷം ഏപ്രിൽ പകുതിവരെ നല്ല വിളവെടുപ്പുണ്ടായി. മെയ്, ജൂൺ മാസങ്ങളിലാണ് ഉൽപ്പാദനം കുത്തനെ ഇടിഞ്ഞത്. നാളികേരം ഒന്നിന് പത്തു രൂപയിൽ താഴെയായപ്പോഴും കരിക്കിന് 25 രൂപ ലഭിച്ചത് കർഷകരെ ആ വഴിക്ക് തിരിച്ചു. തേങ്ങ പാകമെത്തുംമുമ്പേ വെട്ടിവിൽക്കാൻ തുടങ്ങി. കൊപ്ര ലഭ്യതയും വെളിച്ചെണ്ണ ഉൽപ്പാദനവും കുറയാൻ അത് ഇടയാക്കി.
നാളികേരത്തിനും വെളിച്ചെണ്ണയ്‌ക്കും വില കുതിച്ചിട്ടും കർഷകർക്ക് അതനുസരിച്ച് നേട്ടമില്ലെന്ന് പരാതിയുണ്ട്. മഴയൊഴിഞ്ഞ് കർഷകർ രംഗത്തിറങ്ങിയാൽ രണ്ടോ മൂന്നോ മാസത്തിനകം നാളികേരോൽപ്പാദനം സാധാരണനിലയിലാകുമെന്നും വെളിച്ചെണ്ണവില സ്ഥിരത കൈവരിക്കുമെന്നും നാളികേര വികസന ബോർഡ് ഡയറക്ടർ എസ് ദീപ്‌തി പറഞ്ഞു. വില ഉയർന്നതോടെ വിപണിയിൽ വെളിച്ചെണ്ണ ബ്രാൻഡുകളുടെ തള്ളിക്കയറ്റമാണ്. ഒരുഡസനിലേറെ വ്യാജ വെളിച്ചെണ്ണയും പിടികൂടി. ചേരുവകൾ പാക്കറ്റിൽ രേഖപ്പെടുത്താൻ ഉൽപ്പാദകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.









0 comments