നവരത്ന കമ്പനികൾക്ക് 1000 കോടിവരെയുള്ള നിക്ഷേപ തീരുമാനങ്ങൾക്ക് സർക്കാരിന്റെ അനുമതി തേടേണ്ടതില്ല
കൊച്ചി കപ്പല്‍ശാല നവരത്ന പദവിയിലേക്ക് ; പ്രഖ്യാപനം ഉടൻ

വാണിജ്യകാര്യ ലേഖകൻ
Published on May 30, 2025, 03:28 AM | 2 min read
കൊച്ചി
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കപ്പൽ നിർമാണശാലയായ കൊച്ചി കപ്പൽശാല നവരത്ന പദവിയിലേക്ക്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ വിജയകരമായ നിർമാണത്തോടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ കപ്പൽശാലയ്ക്ക് ആഗോളതലത്തിൽ ഈ രംഗത്തെ മുൻനിര സ്ഥാപനമാകാൻ ശേഷിയുണ്ടെന്ന കേന്ദ്രത്തിന്റെ വിലയിരുത്തലാണ് നേട്ടത്തിന് വഴിയൊരുക്കുന്നത്. പബ്ലിക് എന്റർപ്രൈസസ് വകുപ്പിന്റെ പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു. ഗോവ ഷിപ്‌യാർഡാണ് നവരത്ന പദവിയിലേക്ക് ഉയർന്നേക്കാവുന്ന മറ്റൊരു കപ്പൽ നിർമാണശാല.
നിലവിൽ മിനിരത്ന പദവിയുള്ള കൊച്ചി കപ്പൽശാലയ്‌ക്ക് 2024–-25 സാമ്പത്തികവർഷം 827.33 കോടിയായിരുന്നു വാർഷിക അറ്റാദായം. മാർച്ചിൽ അവസാനിച്ച നാലാംപാദത്തിൽ മുൻവർഷത്തേക്കാൾ 10.93 ശതമാനം വർധനയോടെ 287.18 കോടി രൂപ സംയോജിത അറ്റാദായവും കൈവരിച്ചു. നവരത്ന പദവിയിലേക്ക് എത്തുന്നതോടെ സാമ്പത്തികകാര്യങ്ങളിൽ ഉൾപ്പെടെ കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം ലഭ്യമാകും. 1000 കോടിവരെയുള്ള നിക്ഷേപ തീരുമാനങ്ങൾക്ക് സർക്കാരിന്റെ അനുമതി തേടേണ്ടതില്ല എന്നതാണ് ഒരു പ്രധാന നേട്ടം. നാവികസേനയ്ക്കുള്ള 44,000 കോടിയുടെ പുതിയ യുദ്ധക്കപ്പൽ നിർമാണക്കരാർ ലഭ്യമായേക്കുമെന്ന സൂചനകൾക്കിടയിലാണ് പുതിയ ബഹുമതിക്ക് പരിഗണിക്കുന്നത്.
1982ൽ എല്ലാത്തരം കപ്പലുകളുടെയും അറ്റകുറ്റപ്പണികൂടി ആരംഭിച്ചതോടെ കമ്പനി ഇന്ത്യൻ നാവികസേന, തീരസംരക്ഷണസേന, ഒഎൻജിസി തുടങ്ങിയ പ്രധാന സ്ഥാപനങ്ങളുടെയെല്ലാം കരാറുകൾ നേടി. 2024 ഏപ്രിലിൽ യുഎസ് നേവിയുമായി കപ്പലുകളുടെ അറ്റകുറ്റപ്പണികൾക്ക് മാസ്റ്റർ ഷിപ് റിപ്പയർ കരാർ (എംഎസ്ആർഎ) ഒപ്പുവച്ച് ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ മൂന്നാമത്തെ കപ്പൽശാലയായി.
തൊഴിലാളിസമരങ്ങളിലൂടെയും പണിമുടക്കുകളിലൂടെയും ഒരുദിവസംപോലും നഷ്ടപ്പെടുത്താതെ വിക്രാന്തിന്റെ നിർമാണം പൂർത്തിയാക്കിയെന്ന ബഹുമതിയും യൂറോപ്യൻ കമ്പനികളിൽനിന്ന് അത്യാധുനിക കപ്പൽനിർമാണ കരാറുകളും നേടി. ഈ വർഷം നാവികസേനയ്ക്കായി നിർമിക്കുന്ന ഏഴാമത്തെ അന്തർവാഹിനി പ്രതിരോധ യുദ്ധക്കപ്പലിന് കീലിട്ടു. ഫെബ്രുവരിയിൽ ലോകത്തെ രണ്ടാമത്തെ വലിയ അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയായ എപി മൊള്ളർ–-മെഴ്‌സ്‌കുമായി കപ്പലുകളുടെ അറ്റകുറ്റപ്പണിക്കും പുതിയ കപ്പൽനിർമാണത്തിനുമുള്ള ധാരണപത്രവും ഒപ്പുവച്ചു.
കൊച്ചി കപ്പൽശാലയെ പ്രതിസന്ധിയിലാക്കുന്ന സ്വകാര്യവൽക്കരണം അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ഭീഷണികളെ അതിജീവിച്ചാണ് ഈ നേട്ടങ്ങളെല്ലാം. പൂർണമായും പൊതു ഉടമസ്ഥതയിലുള്ള കപ്പൽശാല സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ കേന്ദ്രം 2012ൽ ഓഹരിവിൽപ്പന പ്രഖ്യാപിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെ തൊഴിലാളി യൂണിയനും സംസ്ഥാന സർക്കാരും നടത്തിയ സമരങ്ങളിലൂടെയും സമ്മർദങ്ങളിലൂടെയുമാണ് പൊതുമേഖലയിൽ നിലനിർത്തിയത്.









0 comments