മത്തിയുടെ ഏറ്റക്കുറച്ചിൽ: കാരണം മൺസൂൺ മഴയും സമുദ്രമാറ്റങ്ങളും ; കണ്ടെത്തലുമായി സിഎംഎഫ്ആർഐ

sardine fish
വെബ് ഡെസ്ക്

Published on Oct 01, 2025, 01:02 AM | 1 min read


​കൊച്ചി

കേരളതീരത്ത് കഴിഞ്ഞവർഷം മത്തിയുടെ കുഞ്ഞുങ്ങൾ അപ്രതീക്ഷിതമായി വർധിച്ചതിനും തുടർന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്കും കാരണം മൺസൂൺ മഴയിലെ മാറ്റങ്ങളാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങൾ മത്തിയുടെ ലഭ്യതയിൽ വലിയ ഉയർച്ച–താഴ്ചകൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 2012ൽ സംസ്ഥാനത്ത് നാലുലക്ഷം ടൺ എന്ന റെക്കോഡ് അളവിൽ ലഭിച്ച മത്തി, 2021ൽ വെറും 3500 ടണ്ണായി കുത്തനെ കുറഞ്ഞു. എന്നാൽ, കഴിഞ്ഞവർഷം ശരാശരി 10 സെന്റിമീറ്റർ വലിപ്പമുള്ള കുഞ്ഞൻമത്തി തീരത്ത് വൻതോതിൽ പ്രത്യക്ഷപ്പെട്ടു. കോഴിക്കോട്, തൃശൂർ ജില്ലകളിൽ ഇവ കൂട്ടത്തോടെ കരയ്‌ക്കടിയുന്ന സാഹചര്യവുമുണ്ടായി. കൊച്ചി, വിഴിഞ്ഞം, കോഴിക്കോട് എന്നിവിടങ്ങളിലാണ്‌ സിഎംഎഫ്ആർഐ പഠനം നടത്തിയത്.


മൺസൂൺ മഴയും പോഷകസമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും മത്തിലാർവകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങൾ പെരുകാൻ കാരണമായി. ഇതോടെ ലാർവകളുടെ അതിജീവനം കൂടുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകുകയും ചെയ്തു. എണ്ണംകൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയിൽ ക്രമേണകുറവുണ്ടായി. ഇത് അവയുടെ വളർച്ച മുരടിക്കാനും തൂക്കം കുറയാനും കാരണമായി. സൂക്ഷ്മപ്ലവകങ്ങളുടെ അളവടക്കമുള്ള ആവാസവ്യവസ്ഥയിലെ ഉൽപ്പാദനക്ഷമതയാണ് മത്തിയുടെ ലഭ്യതയെ കൂടുതൽ സ്വാധീനിക്കുന്നതെന്നും പഠനം കണ്ടെത്തി.


കാലാവസ്ഥാ വ്യതിയാനംമൂലം ഇത്തരം ഏറ്റക്കുറച്ചിലുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ, ഓരോ മത്സ്യത്തിനും അനുയോജ്യമായ ഹ്രസ്വകാല മുന്നറിയിപ്പുകൾ വേണമെന്ന് പഠനം നിർദേശിക്കുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് പ്രാദേശികമായി മത്സ്യബന്ധന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home