വെള്ളാപ്പള്ളിയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി - എന്നാണ് വലതുപക്ഷ മാധ്യമങ്ങൾ ഒരേപോലെ വാർത്തനൽകിയത്. ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസംഗമാണ് വിവാദമാക്കാൻ ശ്രമിച്ചത്.
"ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തിൽ പകർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ ശ്രീ. വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യോഗം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ആശംസിച്ചുകൊണ്ട്, ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു." എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഈ വാക്കുകളെയാണ് മാധ്യമങ്ങൾ ഗൂഢലക്ഷ്യത്തോടെ മാറ്റി എഴുതിയത്.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ വർഗീയതയ്ക്കെതിരെ ഉയർത്തിപ്പിടിക്കണമെന്ന ആഹ്വാനമാണ് പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി നൽകിയത്. ഹിന്ദുത്വ ശക്തികൾ ഗുരുവിനെപ്പോലും സ്വന്തമാക്കാൻ ശ്രമിക്കുന്നതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രസംഗം പൂർണരൂപം
"പെരിങ്ങമല എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഈ പരിപാടിയിൽ പങ്കെടുക്കാനാകുന്നതിൽ എനിക്കേറെ സന്തോഷമുണ്ട്. 2 പരിപാടികളാണ് ഇന്നിവിടെ നടക്കുന്നത്. ഈ ശാഖയുടെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ശ്രീനാരായണീയം കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനമാണ് അതിലൊന്ന്. യോഗത്തിന്റെ നേതൃത്വത്തിൽ 30 സംവത്സരം പൂർത്തിയാക്കുന്ന ശ്രീ. വെള്ളാപ്പള്ളി നടേശനുള്ള ആദരമാണ് രണ്ടാമത്തേത്. ഇവ രണ്ടും എസ് എൻ ഡി പി യോഗത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ.
നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിന്റെ പേരിൽ നിർമ്മിച്ചിട്ടുള്ള ഈ കൺവെൻഷൻ സെന്റർ ഇന്നാട്ടിലെ പൊതുസമൂഹത്തിനാകെ ഉപകാരപ്രദമാകുമെന്ന കാര്യത്തിൽ സംശയമില്ല. എല്ലാവരെയും ചേർത്തുപിടിക്കുക എന്ന മഹത്തായ ആശയം മുന്നോട്ടുവച്ച ഗുരു രൂപീകരിച്ച സംഘടനയാണല്ലോ എസ് എൻ ഡി പി.
കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിർണ്ണായക പ്രാധാന്യം ഈ സംഘടനയ്ക്കുണ്ട്. കേരളചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിൽ, നമ്മുടെ സമൂഹം ജാതിയുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇരുട്ടിൽ തളയ്ക്കപ്പെട്ടുകിടന്ന വേളയിലാണ് അത് രൂപീകൃതമാകുന്നത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ ഡോ. പൽപ്പുവിനെപ്പോലുള്ള ദീർഘദർശികളായ നേതാക്കളാണ് അതിന്റെ രൂപീകരണത്തിനു ചുക്കാൻ പിടിച്ചത്.
'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക' എന്ന ശ്രീനാരായണ ഗുരുവിന്റെ ഈ ആഹ്വാനം നാട് ഏറ്റെടുത്തതിന്റെ ഫലമായിരുന്നു അത്. അറിവാണ് യഥാർത്ഥ ശക്തിയെന്നും, അത് നേടാനുള്ള ഏക മാർഗ്ഗം വിദ്യാഭ്യാസം ആണെന്നും ഗുരു പഠിപ്പിച്ചു. അക്ഷരം പോലും നിഷേധിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനതയ്ക്ക് അറിവിന്റെ വാതിലുകൾ തുറന്നുകൊടുക്കാൻ യോഗം അക്ഷീണം പ്രവർത്തിച്ചു. സ്‌കൂളുകൾ സ്ഥാപിച്ചു, വായനശാലകൾ തുടങ്ങി. അങ്ങനെ അറിവിന്റെ വെളിച്ചം ഓരോ വീട്ടിലും എത്തിച്ചു. അത് സമൂഹത്തിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. അതുപോലെതന്നെ, വർഗ്ഗീയതയും ജാതിചിന്തയും സമൂഹത്തിൽ നിന്നകറ്റാൻ, എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് നിർത്തുന്ന സംഘടനകൾക്ക് മാത്രമേ സാധിക്കുവെന്നും ഗുരു പറഞ്ഞു. അതാണ് യോഗത്തിന്റെ രൂപീകരണത്തിനു വഴിതെളിച്ചത്.
ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പ്രായോഗികമായി നടപ്പിലാക്കുന്നതിന് യോഗം വഹിച്ച മുൻകൈ വിവരണാതീതമാണ്. പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിക്കാനും അവർക്ക് വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പദവി എന്നിവ ലഭ്യമാക്കാനും യോഗം അക്ഷീണം പ്രവർത്തിച്ചു. അതിനൊക്കെ ഫലവുമുണ്ടായി. അതായത്, ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും അയ്യാ വൈകുണ്ഠനും പൊയ്കയിൽ കുമാരഗുരുവും മക്തി തങ്ങളും അടക്കമുള്ള ഗുരുവര്യന്മാരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രക്രിയയാണ് കേരളം നേടിയെടുത്ത പല നേട്ടങ്ങളുടെയും അടിത്തറ.
അവിടെ നിന്നും കേരളം ഇന്നുകാണുന്ന പുരോഗതിയിലേക്ക് എത്തിയതിനു പിന്നിൽ മറ്റൊരു പ്രധാന ഘടകം കൂടിയുണ്ട്. നവോത്ഥാനം കൊളുത്തിവിട്ട വെളിച്ചം ഒട്ടുംതന്നെ കെട്ടുപോകാതെ മുന്നോട്ടുകൊണ്ടുപോയ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ പങ്കാണത്. അതുകൂടി ചേർന്നാലെ ഈ പരിണാമപ്രക്രിയ പൂർണ്ണമാകൂ എന്ന് നാം തിരിച്ചറിയണം.
'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന ഗുരുവിന്റെ വാക്കുകൾ ആവർത്തിച്ചു ഓർമിക്കേണ്ട കാലമാണിത്. മനുഷ്യനെ മനുഷ്യനായി കാണാൻ, ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം സാഹോദര്യത്തോടെ ജീവിക്കാൻ ഈ വാക്കുകൾ പഠിപ്പിക്കുന്നു. സമൂഹത്തിൽ വർഗ്ഗീയത പടർത്തി, മനുഷ്യരെ ഭിന്നിപ്പിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്ന വേളയാണിത്. മനുഷ്യത്വത്തെക്കാൾ വലുതാണ് ജാതിയെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. ജാതിയും മതവും പടർത്തിയ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തൂത്തെറിഞ്ഞ കേരളത്തിലും ഇത്തരം ആശയങ്ങൾ വേരുപിടിക്കുകയാണ്.
വർഗ്ഗീയത, അത് ഏത് രൂപത്തിലായാലും, വിനാശകരമായ ഒന്നാണ്. അത് സമൂഹത്തെ അപ്പാടെ നശിപ്പിക്കും. അതുകൊണ്ടുതന്നെ വർഗ്ഗീയതയുടെ വിഷവിത്തുകൾ മനുഷ്യരുടെ മനസ്സുകളിൽ നട്ടുപിടിപ്പിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയണം.
ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിന് വെളിച്ചം പകർന്ന ശ്രീനാരായണ ഗുരുവിനെ പോലും ഇന്ന് സ്വന്തമാക്കാൻ വർഗ്ഗീയ ശക്തികൾ ശ്രമിക്കുന്നുണ്ട്. വർഗ്ഗീയതയുടെ വിഷം ചീറ്റാൻ ഗുരുവിന്റെ ദർശനങ്ങളെ അവർ ദുരുപയോഗം ചെയ്യുകയാണ്. വർഗ്ഗീയതയെ എന്നും എതിർത്ത ഗുരുശ്രേഷ്ഠനായിരുന്നു ശ്രീനാരായണ ഗുരു. മനുഷ്യരെ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒരുമിപ്പിക്കാനാണ് ഗുരു പഠിപ്പിച്ചത്. ഗുരുവിന്റെ വാക്കുകളും പ്രവർത്തനങ്ങളും ഒരു മതത്തിലോ ജാതിയിലോ ഒതുങ്ങുന്നതായിരുന്നില്ല. അത് എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതായിരുന്നു. മാത്രമല്ല, സനാതന ധർമ്മ പ്രചാരകർക്ക് എതിർദിശയിലാണ് ഗുരു എപ്പോഴും നിലകൊണ്ടതും.
സനാതന ധർമ്മം എന്നതിനെ ഗുരു കണ്ടത് മനുഷ്യരെ തുല്യരായി കാണുന്നതും, ഒരുമിച്ചു നിർത്തുന്നതുമായ ഒരു ദർശനമായിട്ടാണ്. എന്നാൽ, ജാതിയുടെയും ഉച്ചനീചത്വങ്ങളുടെയും പേരിൽ ചിലർ ഇപ്പോൾ പ്രചരിപ്പിക്കുന്ന സനാതന ധർമ്മം ഗുരുവിന്റെ ദർശനങ്ങൾക്ക് കടകവിരുദ്ധമാണ്.
'അവനവനാത്മസുഖത്തിന് ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരണം' എന്ന് പറഞ്ഞ ഗുരുവിന്റെ വാക്കുകൾ വർഗ്ഗീയതയ്ക്ക് എതിരെയുള്ള ശക്തമായ ആഹ്വാനമാണ്. ഒരു മനുഷ്യന്റെയും മനസ്സ് വേദനിപ്പിക്കാതെ, സ്‌നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനാണ് അദ്ദേഹം പറഞ്ഞത്. ഇങ്ങനെ മനുഷ്യത്വത്തിന്റെ പാത വെട്ടിത്തന്ന ഗുരുവിന്റെ വഴികളിൽ നിന്നും വ്യതിചലിക്കാൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് നമ്മൾ ആലോചിക്കണം. സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ മറന്ന് ചെറിയ രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി വർഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാൻ ശ്രമിക്കുന്നവരെ നിങ്ങൾ തിരിച്ചറിയണം എന്നു മാത്രമേ എനിക്ക് സൂചിപ്പിക്കുവാനുള്ളു.
ഈ മഹത്തായ പ്രസ്ഥാനത്തെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി നയിക്കുന്ന ശ്രീ. വെള്ളാപ്പള്ളി നടേശനെ ഇന്നിവിടെ ആദരിക്കുകയാണ്. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളിൽ മുപ്പത് വർഷം പൂർത്തിയാക്കുക എന്നത് ചെറിയ കാര്യമല്ല. ഒരു പ്രസ്ഥാനത്തെ നിരന്തരമായി മുന്നോട്ടു നയിക്കാനും, അതിന്റെ ലക്ഷ്യങ്ങൾ നേടാനും, പുതിയ തലമുറയ്ക്ക് വഴികാട്ടാനും ഒരു നേതാവിന് എത്രത്തോളം ദൃഢനിശ്ചയം ഉണ്ടാകണമെന്ന് വെള്ളാപ്പള്ളി കാണിച്ചുതരുന്നുണ്ട്.
ഈ സംഘടനയെ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ദീർഘവീക്ഷണവും പ്രായോഗിക ബുദ്ധിയും അഭിനന്ദനാർഹമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസവും തൊഴിലും ലഭിക്കുമ്പോൾ മാത്രമാണ് യഥാർത്ഥ സാമൂഹികനീതി നടപ്പാക്കപ്പെടുക എന്ന ഗുരുവിന്റെ ദർശനങ്ങളെ പ്രാവർത്തികമാക്കുന്നതിലും അദ്ദേഹം ശ്രദ്ധവെക്കുന്നുണ്ട്.
ഗുരുവിന്റെ ആശയങ്ങളെ ജീവിതത്തിൽ പകർത്തിക്കൊണ്ട് ഈ പ്രസ്ഥാനത്തെ ഇനിയും കൂടുതൽ കാലം നയിക്കാൻ ശ്രീ. വെള്ളാപ്പള്ളിയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യോഗം കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്നും ആശംസിച്ചുകൊണ്ട്, ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.









0 comments