‘പ്രളയ കാലത്തും കോവിഡ് കാലത്തും അനിരുദ്ധൻ അകമഴിഞ്ഞ സംഭാവന നൽകി’; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഫൊക്കാന സ്ഥാപക പ്രസിഡൻ്റ് ഡോ. എം അനിരുദ്ധന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലോക കേരള സഭയുടെ തുടക്കം മുതലുള്ള അംഗമായിരുന്നു ഡോ. അനിരുദ്ധനെന്നും പ്രളയകാലത്തായാലും കോവിഡ് കാലത്തായാലും അദ്ദേഹം അകമഴിഞ്ഞ സംഭാവന നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
മലയാളികളുടെ അമേരിക്കയിലെ അനൗദ്യോഗിക അംബാസിഡർ ആയിരുന്ന അദ്ദേഹം അമേരിക്കൻ മലയാളി സംഘടനകളുടെ നേതൃസ്ഥാനത്ത് എല്ലാകാലത്തും നിലകൊണ്ടു. ഫൊക്കാനയെ ലോകം അറിയുന്ന പ്രവാസി സംഗമ വേദിയാക്കി മാറ്റാൻ അനിരുദ്ധന് സാധിച്ചു. നോർക്ക ഡയറക്ടർ ബോർഡ് അംഗം എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ പ്രതിനിധിയായി അദ്ദേഹം പ്രവർത്തിച്ചു. പോഷകാഹാര ഗവേഷണത്തിൽ ശ്രദ്ധേയ നേട്ടങ്ങൾ കൊയ്തു. അമേരിക്കയിലെ ആദ്യത്തെ സ്പോർട്സ് ന്യൂട്രീഷൻ ഉൽപ്പന്നമായ ഐസോസ്റ്റാർ വികസിപ്പിച്ചത് അനിരുദ്ധൻ്റെ നേതൃത്വത്തിലായിരുന്നു.
ഇത്തവണ ആരോഗ്യ പരിശോധനകൾക്കായി അമേരിക്കയിൽ ചെന്നപ്പോൾ നേരിട്ട് കണ്ട് അദ്ദേഹത്തിൻ്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. ഡോ. എം അനിരുദ്ധന്റെ ആകസ്മിക വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അമേരിക്കൻ മലയാളികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.









0 comments