ജസ്‌റ്റിസ് ഹേമ കമ്മിറ്റി
സിനിമാനയം: കരട് മൂന്നുമാസത്തിനകം

കൊച്ചി
സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന ചൂഷണവും വിവേചനവും തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന സിനിമാ നയത്തിന്റെ കരട് മൂന്ന് മാസത്തിനകം തയാറാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. തുടർന്ന് നിയമനിർമ്മാണവും നടത്തുമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി എസ് സുധ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ചിനെ സർക്കാർ അറിയിച്ചു.
സിനിമാ കോൺക്ലേവിലെ നിർദ്ദേശങ്ങൾ കേരള ചലച്ചിത്ര അക്കാദമിയുടെയടക്കം വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതു മേഖലയിലുള്ളവർക്കും അഭിപ്രായങ്ങൾ സമർപ്പിക്കാം. ഇതുകൂടി ക്രോഡീകരിച്ചാകും അന്തിമനയം വിജ്ഞാപനം ചെയ്യുക. തുടർന്ന് വിഷയം നിയമസഭയുടെ പരിഗണനയ്ക്ക് വിടും.
സ്ത്രീ സമൂഹത്തിലെ വിവേചനങ്ങൾ കൂടി പരിഹരിക്കുന്ന വിധമാകണം നിയമനിർമ്മാണമെന്ന് കോടതി വാക്കാൽ പറഞ്ഞു. ജാതിയുടേയും സാമ്പത്തിക സ്ഥിതിയുടേയും അടിസ്ഥാനത്തിൽ വനിതകൾ തന്നെ പല തട്ടിലാകുന്ന സാഹചര്യമുണ്ടാകാമെന്നും ഓർമ്മിപ്പിച്ചു.
സിനിമ നയരൂപീകരണത്തിന്റെ ഭാഗമായി സെന്റർ ഫോർ പോളിസി റിസർച്ച് തയാറാക്കിയ റിപ്പോർട്ട് കോടതിയുടെ പരിശോധനയ്ക്കായി സമർപ്പിക്കണമെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടു. പ്രത്യേകബെഞ്ച് സെപ്തംബർ 17ന് വീണ്ടും ചേരും.









0 comments