സിയാൽ 2.0: സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാകുന്നു: മുഖ്യമന്ത്രി

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സമ്പൂർണ്ണ ഡിജിറ്റൽവൽക്കരണമെന്ന ലക്ഷ്യം യാഥാർഥ്യമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിയാൽ 2.0 എന്ന ബൃഹദ് പദ്ധതിയിലൂടെ 200 കോടി രൂപ ചെലവിലാണ് പ്രവർത്തനങ്ങൾ നടപ്പാക്കാൻ പോകുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കാനും സേവനങ്ങൾ കൂടുതൽ മികവുറ്റതാക്കാനും സിയാൽ 2.0 സഹായകമാകും. സമ്പൂർണ ഡിജിറ്റൽവൽക്കരണം ഉൾപ്പെടെയുള്ള ‘സിയാൽ 2.0’ ബൃഹത്ത് പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇതിന്റെ ഭാഗമായി നിർമിതബുദ്ധി, ഓട്ടോമേഷൻ, സൈബർ സുരക്ഷ എന്നിവയിലൂടെ വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യും. ഒപ്പം യാത്രക്കാർക്ക് അതിവേഗം സുരക്ഷാ പ്രക്രിയ പൂർത്തിയാക്കാനും സാധിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ വളർച്ചയുടെ പുതിയൊരു ഘട്ടത്തിനാണ് സിയാൽ 2.0യിലൂടെ തുടക്കം കുറിക്കുന്നത്.
സിയാൽ 2.0 യുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തുന്ന ഏറോ ഡിജിറ്റൽ സമിറ്റ് എന്ന പരിപാടിയും നടക്കുകയാണ്. പ്രദർശനങ്ങളും പാനൽ ചർച്ചയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായി സിയാൽ വളരുകയാണ്. ആ പുരോഗതിയ്ക്ക് കൂടുതൽ ആക്കം നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments