ക്രൈസ്തവ സമൂഹം നവോത്ഥാന കാലഘട്ട സംസ്കാരത്തിലേയ്ക്ക് മടങ്ങണം: ബന്യാമിൻ

ജോസഫ് പുലിക്കുന്നേലിൻ്റെ ഏഴാമത് അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് "ഭാവി കേരളവും ക്രിസ്ത്യാനികളും" എന്ന വിഷയത്തിൽ സാഹിത്യകാരൻ ബന്യാമിൻ സ്മാരക പ്രഭാഷണം നടത്തുന്നു.
പാലാ: സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാസ പോലുള്ള സംഘടനകളുടെ സ്വാധീനത്തിൽ ക്രൈസ്തവർക്കിടയിൽ വർഗീയത വളരുകയാണെന്ന് സാഹിത്യകാരൻ ബന്യാമിൻ. കേരളത്തിൻ്റെ മതേതര സംസ്കാരത്തിന് ഭീഷണിയായ ഇത്തരം നിലപാടുകളെ പ്രതിരോധിക്കാൻ ക്രൈസ്തവ സമൂഹം നവോത്ഥാന കാലഘട്ടത്തിലെ പിൻതുടർച്ചക്കാരനായ ജോസഫ് പുലിക്കുന്നേലിനെപ്പോലുള്ളവരെ മാതൃകയാക്കണമെന്നും ബെന്യാമിൻ പറഞ്ഞു. ഏഴാമത് ജോസഫ് പുലിക്കുന്നേൽ അനുസ്മരണ ദിനവും 93-ാം ജന്മദിനാഘോഷത്തോടുമനുബന്ധിച്ച് ഇടമറ്റം ഓശാനാ മൗണ്ടിൽ "ഭാവി കേരളവും ക്രിസ്ത്യാനികളും" എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ബന്യാമിൻ.
കേരളീയ നവോത്ഥാനത്തിന് ഏറ്റവും വലിയ സംഭാവനകൾ നൽകിയത് ക്രിസ്ത്യൻ മിഷണറിമാരായിരുന്നു. എന്നാൽ ഇന്ന് സമൂഹത്തിൽ വർഗീയത വളർത്തുന്നതിൽ ക്രിസ്ത്യാനികൾക്ക് വലിയ പങ്കാണുള്ളത്. കാസ പോലുള്ള സംഘടനകളുടെ സ്വാധീനം ഒരു മത സമൂഹത്തെയാകെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടത്തുന്നത്. കേരളീയ സമൂഹത്തിൽ ഇന്നത്തെ നിലയിൽ ആർത്തി വളർത്തിയതിൽ ക്രൈസ്തവ പുരോഹിതൻമാർക്കും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. മുൻപ് കൃഷിചെയ്ത് ജീവിച്ച ഒരു സമൂഹത്തിലെ പിൻമുറക്കാർ ഇന്ന് ആത്മവിശ്വാസം നഷ്ടപ്പെട്ട് ആത്മഹത്യയിലേയ്ക്ക് നീങ്ങാൻ കാരണം ഈ ആർത്തിയും ആത്മവിശ്വാസം ഇല്ലായ്മയുമാണ്. ജോലിക്കായി വിദേശങ്ങളിലേക്ക് യുവതലമുറയെ പറഞ്ഞയക്കുന്നതിൽ ക്രൈസ്തവരുടെ പങ്ക് നിഷേധിക്കാനാവില്ല. കേരളത്തിലെ അരാജകാവസ്ഥയ്ക്കും അതുകൊണ്ട് ക്രൈസ്തവരും ഉത്തരവാദികളാണ്. ഇവിടെയാണ് നവോത്ഥാന കാല ക്രൈസ്തവ സംസ്കാരത്തിൻ്റെയും പിൻതുടർച്ചക്കാരനായ ജോസഫ് പുലിക്കുന്നേലിനെ പോലുള്ളവരുടെയും പ്രസക്തിയെന്നും ബെന്യാമിൻ പറഞ്ഞു.
ഓശാനമൗണ്ടിൽ ചേർന്ന സമ്മേളനത്തിൽ ക്യാപ്റ്റൻ ജോജോ ചാണ്ടി അധ്യക്ഷനായി. റവ. ഡോ. എം ജെ ജോസഫ് ആമുഖപ്രഭാഷണം നടത്തി. ഡോ. ജോസഫ് സ്‌കറിയ സംസാരിച്ചു. ജോസഫ് പുലിക്കുന്നേലിൻ്റെ 93-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഗാനസന്ധ്യയും ഉണ്ടായി.









0 comments