ചിന്ത പബ്ലിഷേഴ്സ് ലിബറേറ്റ്– 2025 ; അറിവുത്സവത്തിന് സമാപനം

തിരുവനന്തപുരം
സാങ്കേതികവിദ്യയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആഴമേറിയ അന്വേഷണം നടത്തിയ ചിന്ത പബ്ലിഷേഴ്സ് ലിബറേറ്റ് ഫെസ്റ്റിവൽ– 2025 സമാപിച്ചു. സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. ‘ഡിജിറ്റൽ യുഗത്തിലെ മാർക്സിസം’ വിഷയത്തിൽ മന്ത്രി പി രാജീവും എഴുത്തുകാരൻ ബെന്യാമിനും സംസാരിച്ചു.
"ഫെസ്റ്റിവൽ ഓഫ് നോളജ്, ടെക്നോളജി ആൻഡ് സൊസൈറ്റി’ വിഷയത്തിൽ 10 ദിവസമായി ജവാഹർ ബാലഭവനിൽ നടന്ന വിജ്ഞാനോത്സവത്തിൽ 22 സെഷനുകൾ നടന്നു. ഇന്ത്യയിലെയും വിദേശത്തെയും സാമൂഹ്യ ശാസ്ത്രജ്ഞർ, സാമ്പത്തിക വിദഗ്ധർ, മാധ്യമപ്രവർത്തകർ, ചരിത്രകാരന്മാർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ മാറുന്ന തൊഴിലിടങ്ങൾ, ഉൽപ്പാദന രീതികൾ തുടങ്ങിയവയിലൂന്നിയുള്ള ചർച്ചകളാണ് കൂടുതലും. സ്കൂൾ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും ശിൽപ്പശാലകളും പുസ്തക മേളയും എഐ സാങ്കേതികവിദ്യ പരിചയപ്പെടുത്തലും നടന്നു. സമാപന ദിവസം വൈകിട്ട് നടന്ന സെഷനിൽ ‘പാതി യന്ത്രമാകുന്ന മനുഷ്യനും; പാതി മനുഷ്യനാകുന്ന യന്ത്രവും’ വിഷയത്തിൽ എസ് അച്യുത്‌ശങ്കർ സംസാരിച്ചു. എം ഷാജഹാൻ മോഡറേറ്ററായി.
സമാപന സമ്മേളനത്തിൽ ചിന്ത പബ്ലിഷേഴ്സ് എഡിറ്റർ കെ എസ് രഞ്ജിത്ത്, ജനറൽ മാനേജർ ഗോപി നാരായണൻ, ഡോ. കെ എസ് അനിൽകുമാർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ എന്നിവർ സംസാരിച്ചു.









0 comments