print edition സൗഹൃദവും യുദ്ധക്കെടുതിയും കാഴ്ചയൊരുക്കി ശിശുദിനറാലി

ശിശുദിന സ്റ്റാമ്പിലെ ചിത്രം വരച്ച വി കെ വൈഗയ്ക്ക് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
തിരുവനന്തപുരം
ചാച്ചാ നെഹ്റുവും മദര്‍ തെരേസയും ഗാന്ധിജിയും തുടങ്ങി പല വേഷങ്ങളില്‍ റോഡില്‍ അണിനിരന്ന് കുട്ടിക്കൂട്ടം. മതസൗഹാര്‍ദവും പരിസ്ഥിതി മലിനീകരണവും ഗാസയിലെ കുഞ്ഞുങ്ങളുമെല്ലാം വിഷയങ്ങളാക്കിയ ഫ്ലോട്ടുകള്‍. കരുതലിന്റെയും യുദ്ധക്കെടുതിയുടെയും കാഴ്ചകളൊരുക്കി തലസ്ഥാന നഗരത്തെ വിസ്മയിപ്പിച്ച് ശിശുദിന റാലി.
പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച റാലിയിലുടെ മുന്‍നിരയില്‍ റോളർ സ്‌കേറ്റിങ്ങും കുതിരപ്പൊലീസും അണിനിരന്നു. തൊട്ടുപിന്നാലെ, തുറന്ന ജീപ്പില്‍ അഭിവാദ്യം അര്‍പ്പിച്ച് കുട്ടികളുടെ പ്രധാനമന്ത്രി ദുർഗ ജിഷ്ണു, പ്രസിഡന്റ് ആരാധന പ്രവീൺ, സ്പീക്കർ എസ് ഏയ്ഞ്ചൽ തുടങ്ങിയവർ.
എൻസിസി, സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, റെഡ് ക്രോസ്, എസ്‌പിസി കേഡറ്റുകളും ഭിന്നശേഷി കുട്ടികളുടെ പ്രച്ഛന്നവേഷവും ശിങ്കാരിമേളവും റാലിയെ ഗംഭീരമാക്കി. റാലി കനകക്കുന്നിൽ സമാപിച്ചു. തുടര്‍ന്ന് നിശാഗന്ധിയില്‍ പൊതുസമ്മേളനം ദുർഗ ജിഷ്ണു ഉദ്ഘാടനം ചെയ്തു. ആരാധന പ്രവീണ്‍ അധ്യക്ഷയായി. എസ് ഏയ്ഞ്ചൽ മുഖ്യപ്രഭാഷണം നടത്തി. മന്ത്രി വീണാ ജോർജ്, ഗായിക വൈക്കം വിജയലക്ഷ്മി, വി ജോയി എംഎൽഎ, ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി എല്‍ അരുണ്‍ ഗോപി, ട്രഷറർ കെ ജയപാൽ, എക്സിക്യൂട്ടീവ് അംഗം ഒ എം ബാലകൃഷ്ണൻ, എൻ എസ് വിനോദ് എന്നിവര്‍ സംസാരിച്ചു.
2025–- 26ലെ ശിശുദിന സ്റ്റാമ്പ് വി ജോയി എംഎൽഎയ്‌ക്ക് നൽകി മന്ത്രി വീണാ ജോർജ് പ്രകാശിപ്പിച്ചു. സ്റ്റാമ്പിലെ ചിത്രംവരച്ച കോഴിക്കോട് ഫറോക്ക് ഗവൺമെന്റ് ഗണപത് വിഎച്ച്എസ്എസിലെ വി കെ വൈഗയ്ക്കും സ്‌കൂളിനും മന്ത്രി ട്രോഫി സമ്മാനിച്ചു.









0 comments