ഇന്ന്‌ ശിശുദിനം

print edition എന്തൊരു കൊച്ചു രസക്കുടുക്ക

kids

മലപ്പുറം കണ്ണത്തുപാറ 
അങ്കണവാടിയിലെ കുട്ടികള്‍ /ഫോട്ടോ: കെ ഷെമീർ

വെബ് ഡെസ്ക്

Published on Nov 14, 2025, 04:16 AM | 2 min read

ഇരുപതിനായിരം കുഞ്ഞുങ്ങളുടെ ശവപ്പറന്പായ ഗാസ. പോഷകാഹാരക്കുറവുമൂലം വിശന്നുമരിക്കുന്ന കുഞ്ഞുങ്ങളുടെ ലോകം. പീഡനങ്ങളിൽ വേദനയിറ്റുന്ന, വഴിയരികിൽ തണുത്തുറയുന്ന, സ്വപ്‌നങ്ങൾ ചിറകറ്റ നഷ്‌ടബാല്യങ്ങളുടെ ഇന്ത്യ. രാജ്യത്തിന്റെ ഇങ്ങേത്തലയ്ക്കൽ കൊടുങ്കാറ്റിലും കെട്ടുപോകാതൊരു ചെരാത്‌ പ്രകാശം 
പരത്തുന്നുണ്ട്‌. നിറയെ ചിരിക്കുന്ന 
കുഞ്ഞുമുഖങ്ങളുള്ള കേരളം. നമ്മുടെ മാത്രമല്ല, ഇവിടെ ചേക്കേറിയ എല്ലാ കുഞ്ഞുങ്ങളുടെയും നാട്‌. കേരളം അഭിമാനത്തോടെ 
ശിശുദിനം ആഘോഷിക്കുന്നു...


കേരളം 
യുഎസിനും മാതൃക

അമേരിക്ക ഉൾപ്പെടെ വികസിത രാജ്യങ്ങളെക്കാൾ കുറവാണ്‌ കേരളത്തിലെ ശിശുമരണ നിരക്ക്‌. അമേരിക്കയിൽ ആയിരത്തിൽ 5.6 ആയിരിക്കുന്പോൾ കേരളത്തിലിത്‌ അഞ്ചാണ്‌. ദേശീയ ശരാശരി 25ഉം. യുഡിഎഫ് ഭരണകാലത്തുനിന്നുമാറി നഗര–ഗ്രാമ വ്യത്യാസമില്ലാതെ ശിശു മരണനിരക്ക് കുറയ്ക്കാനായി. കേരളത്തിൽ 28 ദിവസമായ നവജാത ശിശുമരണനിരക്ക് നാലില്‍ താഴെയാണ്. ദേശീയതലത്തില്‍ പതിനെട്ടാണിത്.


sanku


പാൻ ഇന്ത്യൻ 'ബിർണാണി'

‘‘കൂട്ടുകാർക്ക്‌ ബിർണാണീം കോഴീം കൊടുപ്പിച്ചശേഷം ഞാൻ ഇപ്പോൾ വല്യ സ്‌കൂളിലാണ്‌. എല്ലാവർക്കും കിട്ടിയതിൽ സന്തോഷമുണ്ട്‌. കൂട്ടുകാരുമൊത്ത്‌ ഒരു ദിവസം കഴിക്കാൻ പോകും’’– ഉച്ചയ്ക്ക് ബിരിയാണി വേണമെന്നുപറഞ്ഞ്‌ സമൂഹമാധ്യമങ്ങളിൽ വൈറലായ ശങ്കുവെന്ന ത്രിജൽ എസ് സുന്ദർ പറയുന്നു. വീഡിയോകണ്ട മന്ത്രി വീണാ ജോർജ് അങ്കണവാടിയിൽ മുട്ട ബിരിയാണിയും പുലാവുമടക്കം മെനുവുമൊരുക്കി. ഇപ്പോൾ കായംകുളം കല്ലുംമൂട്ടിലെ കരുണ വിദ്യാക്ഷേത്ര സ്കൂളിലെ എൽകെജി വിദ്യാർഥിയാണ് ശങ്കു.


menu


‘സ്നേഹപൂർവം’ സര്‍ക്കാര്‍

​അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണപ്പെട്ട, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കരുതലായി ‘സ്നേഹപൂർവം’. 2024–- 2025 വർഷത്തിൽ 44,018 വിദ്യാർഥികൾക്ക് ധനസഹായം നൽകി. 2025 –26ല്‍ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി. അഞ്ച് വയസ്സിനു താഴെയുള്ളവർക്കും ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസ്സുകളിലുള്ളവർക്കും മാസം 300-രൂപയും ആറുമുതല്‍ 10വരെ 500 രൂപയും 11, 12 ക്ലാസുകാർക്ക്‌ 750 രൂപയും ഡിഗ്രി/പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്നവര്‍ക്ക് 1000 രൂപയുമാണ് ധനസഹായം. സര്‍ക്കാര്‍ ഐടിഐ/പോളിടെക്നിക്കുകാർക്ക്‌ 750 രൂപ നൽകും. മാതാപിതാക്കള്‍ ജീവിച്ചിരിപ്പുളള, എച്ച്ഐവി ബാധിതരായ കുട്ടികളും പദ്ധതിയുടെ ഭാഗമാകും.


kids
കൊല്ലം ആശ്രാമം വടക്കുംഭാഗം റോയൽ നഗർ അങ്കണവാടിയിലെ കുട്ടികൾ

/ ഫോട്ടോ: എം എസ് ശ്രീധർ ലാൽ


‘മിഠായി’ മധുരം

​​ടൈപ്പ് 1 പ്രമേഹം (ജുവനൈൽ ഡയബറ്റിസ്) ബാധിച്ച കുട്ടികളുടെ സമഗ്ര പരിഗണന ഉറപ്പാക്കി ‘മിഠായി’ പദ്ധതി. 1906ലധികം പ്രമേഹബാധിതരായ കുട്ടികളാണ് ഗുണഭോക്താക്കള്‍. ഒമ്പതര വര്‍ഷത്തില്‍ ചെലവഴിച്ചത് 15.91 കോടി രൂപ. സൗജന്യമായി ഇൻസുലിൻ പെൻ, ഗ്ലൂക്കോസ് മോണിറ്റർ, ഇൻസുലിൻ പമ്പ് തുടങ്ങിയവ വിതരണം ചെയ്യുന്നു. പ്രമേഹ ബാധിതരായ കുട്ടികൾക്കുള്ള സമഗ്ര പദ്ധതി ഇന്ത്യയിൽ ആദ്യം നടപ്പാക്കിയത് കേരളത്തിൽ.


ഒന്നുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്‌ സൗജന്യ ചികിത്സ ഉറപ്പാക്കുന്നതാണ്‌ ആരോഗ്യകിരണം. ഒരുവയസ്സുവരെയുള്ള കുട്ടികള്‍ക്കായി ജനനി ശിശുസുരക്ഷ പദ്ധിതിയുമുണ്ട്.


kids
കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഗവ. എച്ച്എസ്എസിലെ കുട്ടികൾ /ഫോട്ടോ : മിഥുൻ അനില മിത്രൻ


​കേൾക്കാൻ ശ്രുതിതരംഗം

ഗുരുതര ശ്രവണവൈകല്യമുളള കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയയടക്കം സൗജന്യമായി ഉറപ്പാക്കുന്നതാണ്‌ ‘ശ്രുതിതരംഗം’. സാമൂഹികനീതി വകുപ്പിന് കീഴിൽ 2012ല്‍ ആരംഭിച്ച പദ്ധതി 2023– -24ൽ ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴിയാക്കി. വാർഷിക കുടുംബ വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ള, അഞ്ചുവയസ്സുവരെയുള്ള കുട്ടികൾക്കാണ്‌ സ‍ൗകര്യം. സർക്കാർ ആശുപത്രികളിലൂടെയും എംപാനൽ‍ഡ് സ്വകാര്യ ആശുപത്രികളിലും പദ്ധതിയുണ്ട്.


തടയാൻ ധീരയും 
കുഞ്ഞാപ്പും

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാന്‍ കുഞ്ഞാപ്പും ധീരയുമുണ്ട്‌. 10 മുതല്‍ 15 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്വയംശാക്തീകരണത്തിന് ആയോധന പരിശീലനം നൽകുന്ന പദ്ധതിയാണ് ധീര. ജില്ലകളിലെ മൂന്ന് തദ്ദേശ സ്ഥാപനങ്ങള്‍വീതം തെരഞ്ഞെടുത്താണ്‌ പരിശീലനം.‘കുഞ്ഞാപ്പ്’ മൊബൈല്‍ ആപ്ലിക്കേഷനില്‍ കുട്ടികള്‍ക്കെതിരെയള്ള അതിക്രമങ്ങള്‍ അറിയിക്കാം. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന റാപിഡ് റെസ്‌പോന്‍സ് ടീം ഇടപ്പെടും.




deshabhimani section

Related News

View More
0 comments
Sort by

Home