ഒളിച്ചുകളിക്കുന്നതിനിടെ ടാർ വീപ്പയിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു

tar
avatar
സ്വന്തം ലേഖകൻ

Published on Feb 02, 2025, 09:41 AM | 1 min read

ചട്ടഞ്ചാൽ: ഒളിച്ചുകളിക്കിടയിൽ വീടിന്‌ സമീപത്തെ ടാർ വീപ്പയിലേക്ക് ഇറങ്ങിയ നാലരവയസുകാരി നെഞ്ചോളം ടാറിൽ മുങ്ങി. പുറത്തിറങ്ങാനാവാത്തവിധം ടാറിൽ പുതഞ്ഞ കുട്ടിയെ അഗ്നിരക്ഷാസേനയെത്തി ഏറെ പണിപ്പെട്ടാണ്‌ പുറത്തെടുത്ത്‌. ചട്ടഞ്ചാൽ എംഐസി കോളേജിന്‌ സമീപത്തെ ഖദീജയുടെ മകൾ ഫാത്തിമയാണ് അപകടത്തിൽപ്പെട്ടത്. വെള്ളി വൈകിട്ട് ആറിനാണ് സംഭവം. സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത്‌ ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. ഇതിനിടയിൽ വീടിന് സമീപം റോഡ് ടാറിങ്ങിനായി കൊണ്ടുവന്ന ടാർ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു.


വീപ്പയ്ക്ക് സമീപത്തെ കല്ലിൽ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയിൽ ഇറങ്ങിയ ഫാത്തിമ നെഞ്ചോളം ടാറിൽ മുങ്ങി. ഒപ്പമുണ്ടായിരുന്ന സഹോദരി ഉടൻ വീട്ടിലെത്തി ഉമ്മയെ വിവരമറിയിക്കുകയായിരുന്നു. അയൽവാസികളും പൊലീസും എത്തിയെങ്കിലും കുട്ടിയെ പുറത്തെത്തിക്കാനായില്ല. വെയിലേറ്റ്‌ ടാർ ഉരുകിയ നിലയിലായിരുന്നു. ഈ സമയത്താണ്‌ ഫാത്തിമ വീപ്പയിൽ ഇറങ്ങിയത്. പിന്നീട് ടാർ തണുത്ത് കട്ടിയായതിനാൽ രക്ഷാപ്രവർത്തനത്തിന്‌ തടസമായി. കാസർകോട് ഫയർ സ്റ്റേഷനിലെ ലീഡിങ്‌ ഫയർമാൻ പി സണ്ണി ഇമ്മാനുവൽ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.


30 ലിറ്റർ ഡീസൽ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി കുറച്ചു. ഇങ്ങനെ പല തവണ ആവർത്തിച്ച ശേഷം ടാർ ദ്രാവക രൂപത്തിലാക്കിയാണ്‌ കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്തശേഷം ഏറെ നേരം പണിപ്പെട്ടാണ് കുട്ടിയുടെ ശരീരത്തിൽ നിന്ന് ടാർ നീക്കിയത്‌. തുടർന്ന് ചെങ്കള ഇ കെ നായനാർ ആശുപത്രിയിലെത്തിച്ചു. ഫയർമാന്മാരായ രാജേഷ് പാവൂർ, ജിത്തു തോമസ്, അഭിലാഷ്, അരുണ പി നായർ, ജീവൻ, ഡ്രൈവർമാരായ പ്രസീത്, രമേശ്, ഹോംഗാർഡുമാരായ എസ് സോജൻ, എം പി രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home