ജനങ്ങളെ കേൾക്കാൻ 
'മുഖ്യമന്ത്രി എന്നോടൊപ്പം': ഉദ്ഘാടനം നാളെ

pinarayi vijayan cm with me
വെബ് ഡെസ്ക്

Published on Sep 28, 2025, 01:54 PM | 1 min read

തിരുവനന്തപുരം: സർക്കാരുമായുള്ള ജനങ്ങളുടെ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിന് മുഖ്യമന്ത്രി എന്നോടൊപ്പം' (സിഎം വിത്ത് മി) എന്ന സമഗ്ര സിറ്റിസൺ കണക്ട് സെന്ററിന് നാളെ തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് 5 ന് വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.


സംസ്ഥാന സർക്കാരും പൊതുജനങ്ങളും തമ്മിലുള്ള ആശയവിനിമയം പരിപോഷിപ്പിക്കുക, ജനങ്ങളുടെ അഭിപ്രായങ്ങൾ ഉൾക്കൊള്ളുക, ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, സർക്കാരിന്റെ പരിപാടികളും പദ്ധതികളും ജനങ്ങളിൽ എത്തിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിനാണ് സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പ്, മേൽനോട്ട ചുമതല. കിഫ്ബിയാണ് അടിസ്ഥാന, സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.


ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ്‌കുമാർ, വി ശിവൻകുട്ടി, അഡ്വ. ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളാവും. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒ യുമായ ഡോ കെ എം എബ്രഹാം ആമുഖ പ്രഭാഷണം നടത്തും.


ഡോ ശശി തരൂർ, മേയർ ആര്യ രാജേന്ദ്രൻ, വി കെ പ്രശാന്ത് എംഎൽഎ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, കൗൺസിലർ പാളയം രാജൻ എന്നിവർ ആശംസകൾ അർപ്പിക്കുന്ന ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് നന്ദി അറിയിക്കും.


'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസൺ കണക്ട് സെന്റർ പ്രവർത്തനത്തിലൂടെ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ച് പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. വിവിധ മിഷനുകൾവഴി നടപ്പാക്കുന്ന പദ്ധതികളെകുറിച്ച് ജനങ്ങളുടെ നിർദേശവും വിലയിരുത്തലും സ്വീകരിക്കും. ജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കും. അടിയന്തരഘട്ടങ്ങളിൽ വിവരങ്ങളും സേവനങ്ങളും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയവും ഏകോപിപ്പിക്കുന്ന സംവിധാനമായും പ്രവർത്തിക്കും.




deshabhimani section

Related News

View More
0 comments
Sort by

Home