ഫ്രാൻസിസ് മാർപാപ്പ: മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞ വ്യക്തി- മുഖ്യമന്ത്രി

cm pope
വെബ് ഡെസ്ക്

Published on Apr 21, 2025, 05:30 PM | 2 min read

തിരുവനന്തപുരം : മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞ വ്യക്തിയായിരുന്നു ഫ്രാൻസിസ് മാർപാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാരുണ്യത്തിൻ്റെയും ഉൾക്കൊള്ളലിൻ്റെയും സാമൂഹ്യനീതിയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടേയും സന്ദേശമാണ് ഫ്രാൻസിസ് മാർപ്പാപ്പ ഉയർത്തിപ്പിടിച്ചത്. പാർശ്വവൽകൃത ജനവിഭാഗങ്ങളോടുള്ള ഐക്യദാർഢ്യവും മറ്റുമതങ്ങളോടുള്ള സൗഹാർദ്ദപൂർണ്ണമായ പാരസ്പര്യവും ആഗോള മുതലാളിത്തത്തിനെതിരെ പുലർത്തിയ കണിശതയാർന്ന വിമർശനവും ഫ്രാൻസിസ് മാർപ്പാപ്പയുടെ സവിശേഷതകളായിരുന്നു.


ദരിദ്രരും പാർശ്വവൽകൃതരുമായ ജനവിഭാഗങ്ങളുടെ വിമോചനത്തിനായി അടിയുറച്ച നിലപാടുകൾ അദ്ദേഹം മുന്നോട്ടു വച്ചു. ഭവനരഹിതരും നിർധനരും സമൂഹത്തിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുമായ മനുഷ്യരെ സേവിക്കുക എന്നതായിരിക്കണം സഭയുടെ ധർമ്മമെന്ന് നിരന്തരം പ്രഖ്യാപിച്ചു. ജീവിച്ച ചുറ്റുപാടുകൾ അദ്ദേഹത്തിന് അസമത്വത്തേയും ദാരിദ്ര്യത്തേയും കുറിച്ച് ഉൾക്കാഴ്ച നൽകി. ലോകമാകെ പടരുന്ന നിസ്സംഗതയെ ജീവസ്സുറ്റ കാരുണ്യം കൊണ്ട് നേരിടണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞു.


പാർശ്വവൽകൃതരായ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾക്കു വേണ്ടി നിലകൊണ്ട അദ്ദേഹം എല്ലാവരേയും ഒരുപോലെ ഉൾക്കൊള്ളുന്ന നിലയിലേയ്ക്ക് സഭയെ വളർത്താൻ യത്നിച്ചു. ലൈംഗിക ആഭിമുഖ്യമല്ല മനുഷ്യരുടെ അന്തസ്സിൻ്റെ അളവുകോലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ ഈ നിലപാട് സഭയുമായി അകന്നു നിന്നവരെപോലും ആകർഷിക്കുകയുണ്ടായി.


പലസ്തീൻ ജനതയുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനും ഫ്രാൻസിസ് മാർപ്പാപ്പ പിന്തുണ നൽകി. അവരുടെ യാതനകൾ അദ്ദേഹത്തെ സ്പർശിച്ചു. പലസ്തീനിൽ സമാധാനം പുലരുന്നതിനായുള്ള പരസ്പര ധാരണകൾ ഉണ്ടായി വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുകയും അക്കാര്യം ലോകത്തോടു പറയുകയും ചെയ്തു. മറ്റു മതവിഭാഗങ്ങളുമായി സ്നേഹവും സഹകരണവും വളർത്താനുള്ള ശ്രമങ്ങൾക്കും ഫ്രാൻസിസ് മാർപ്പാപ്പ നേതൃത്വം നൽകി. മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും മഹത്വം തൊട്ടറിഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ സവിശേഷത.


ദാരിദ്ര്യവും പരിസ്ഥിതിനാശവും കാലാവസ്ഥവ്യതിയാനവും നേരിടാൻ ലോകം ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. അത്തരം കൂട്ടായ്മകൾക്ക് മതങ്ങളുടെ വേലിക്കെട്ടുകൾ തടസ്സം സൃഷ്ടിക്കരുത് എന്ന് നിഷ്കർഷിച്ചു. ലോകസമാധാനത്തിനു മതങ്ങൾ തമ്മിലുള്ള സംവാദവും സഹവർത്തിത്വവും അനിവാര്യമാണെന്ന് മാർപ്പാപ്പ വിശ്വസിച്ചു. മുതലാളിത്തത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത വിമർശനാത്മക നിലാപാടാണ് മാർപ്പാപ്പ കൈക്കൊണ്ടത്. മുതലാളിത്തം അസമത്വത്തിൻ്റെയും ദാരിദ്ര്യത്തിൻ്റേയും മൂലകാരണമാണെന്ന കാഴ്ചച്ചപ്പാട് ഫ്രാൻസിസ് മാർപ്പാപ്പ മുന്നോട്ടുവച്ചു. ലാഭത്തിനു പകരം മനുഷ്യൻ്റെ ക്ഷേമവും അഭിമാനവും കേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്ന സാമ്പത്തികവ്യവസ്ഥിതിക്കായി അദ്ദേഹം വാദിച്ചു.


നീതിയിലും സമാധാനത്തിലും സമത്വത്തിലും അധിഷ്ഠിതമായ ലോകത്തിനു വേണ്ടിയാണ് ഫ്രാൻസിസ് മാർപ്പാപ്പ നിലകൊണ്ടത്. കാരുണ്യം നിറഞ്ഞ മനസ്സോടെ അതിനായി അദ്ദേഹം നിരന്തരം പ്രയത്നിച്ചു. അദ്ദേഹത്തിൻ്റെ ജീവിതം സമാധാനവും സന്തോഷവും പുലരുന്ന ലോകത്തിനായുള്ള പോരാട്ടത്തിൽ ഏവർക്കും പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home