ഇന്ന് ചേറ്റൂരിന്റെ 91–-ാം ചരമ വാർഷികം
ചേറ്റൂരിനെ ഹിന്ദുത്വവാദിയാക്കാന്‍ ബിജെപി

വേണു കെ ആലത്തൂർ
Published on Apr 24, 2025, 02:46 AM | 1 min read
പാലക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്ന ഏക മലയാളി ചേറ്റൂർ ശങ്കരൻനായരെ ഹിന്ദുത്വവാദിയാക്കാന്‍ സംഘപരിവാര്‍ ശ്രമം. കോണ്‍ഗ്രസ് മറന്നവരെ ഏറ്റെടുത്ത് സ്വാതന്ത്ര്യ സമരത്തിലും തങ്ങള്‍ക്ക് പങ്കുണ്ട് എന്ന് വരുത്താനാണ് ഇക്കൂട്ടരുടെ ശ്രമം. ഇതിന്റെ ഭാഗമായാണ് ചേറ്റൂരിനെ അനുസ്‌മരിക്കാൻ ബിജെപി രംഗത്തുവരുന്നത്. കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥയും ഇതിലൂടെ വെളിവാകുന്നു.
സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിച്ചിട്ടില്ലാത്തവരാണ് ആർഎസ്‌എസ്. ചേറ്റൂർ ശങ്കരൻനായരെ സംഘപരിവാര്‍ ഇപ്പോള്‍ അനുസ്മരിക്കുന്നത് പ്രധാനമന്ത്രി 14ന് റേഡിയോ പ്രഭാഷണത്തില്‍ ശങ്കരൻനായരെ പരാമർശിച്ചതോടെയാണ്. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ വാർഷിക ദിവസം നടത്തിയ പ്രഭാഷണത്തില്‍ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ചേറ്റൂർ ബ്രിട്ടീഷ് സർക്കാർ നൽകിയ വലിയ പദവികൾ ഉപേക്ഷിച്ചെന്നാണ് പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഇതോടെ ശങ്കരൻനായരെ ഹിന്ദുത്വവാദിയാക്കാൻ ആര്‍എസ്എസ് ശ്രമം തുടങ്ങി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ശങ്കരൻനായരുടെ കുടുംബാംഗങ്ങളെ പാലക്കാട് ചന്ദ്രനഗറിലും ഒറ്റപ്പാലത്തും സന്ദർശിച്ചു. മറുഭാഗത്ത് കോണ്‍ഗ്രസ് ചേറ്റൂര്‍ ശങ്കരന്‍ നായരെ മറന്ന മട്ടും.
വൈസ്രോയി കൗൺസിലില്‍ അംഗമായിരുന്ന ചേറ്റൂർ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് 1919 ൽ സ്ഥാനം രാജിവച്ചിരുന്നു. അന്ന് അത് വലിയ വാർത്തയായി. 1897ൽ അമരാവതി സമ്മേളനത്തിലാണ് ചേറ്റൂർ ശങ്കരൻനായർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്റെ ആദ്യത്തേയും അവസാനത്തേയും മലയാളി പ്രസിഡന്റ്. പിന്നീട് മദ്രാസ് സ്‌റ്റേറ്റ് അഡ്വക്കറ്റ് ജനറലും ജഡ്‌ജിയുമായിരുന്ന അദ്ദേഹം ഗാന്ധിയുടെ പല നിലപാടുകളോടും എതിർപ്പ് പ്രകടിപ്പിച്ചു. പ്രത്യേകിച്ച് നിസ്സഹകരണ പ്രസ്ഥാനത്തോട്. അക്കാര്യം 1922 ൽ പുറത്തിറക്കിയ ‘ഗാന്ധി ആൻഡ് അനാർകി’ എന്ന പുസ്‌തകത്തിൽ സൂചിപ്പിക്കുകയും ചെയ്തു. 2019 ൽ അക്ഷയ്‌കുമാർ നായകനായി പുറത്തിറങ്ങിയ ‘കേസരി ചാപ്‌റ്റർ 2 ദി അൺടോൾഡ് സ്‌റ്റോറി ഓഫ് ജാലിയൻവാലാബാഗ്’ എന്ന ചിത്രത്തിലും ചേറ്റൂരിന്റെ ഈ നിലപാടുകൾ വ്യക്തമാക്കുന്നുണ്ട്. 1934 ഏപ്രിൽ 24ന് ചേറ്റൂർ അന്തരിച്ചു.









0 comments