കോൺഗ്രസ് മറന്ന ചേറ്റൂരിനെ തട്ടിയെടുക്കാൻ ബിജെപി ശ്രമം

തിരുവനന്തപുരം
എഐസിസി പ്രസിഡന്റായ ഏക മലയാളിയായ ചേറ്റൂർ ശങ്കരൻനായരെ തട്ടിയെടുക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹത്തെ അനുസ്‌മരിക്കാൻ കോൺഗ്രസിന് സമയം കിട്ടിയില്ലെന്നതും അദ്ദേഹത്തെ മറന്നുവെന്നതുമാണ് ബിജെപിക്ക് അവസരമുണ്ടാക്കിയത്.
ചേറ്റൂരിന്റെ കാര്യത്തിൽ അവകാശവാദമുന്നയിക്കാൻ അർഹതയില്ലെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ മറന്നതു മുതലെടുക്കുകയാണ് ബിജെപി. സ്വാതന്ത്ര്യസമര പോരാളികളായി ആർഎസ്‌എസുകാരില്ല. കാരണം അവർ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തില്ല.
ആഭ്യന്തരമന്ത്രിയായിരിക്കെ ആർഎസ്‌എസിനെ നിരോധിച്ച സർദാർ വല്ലഭായ് പട്ടേലിനെ സ്വന്തമാക്കാൻ അവർ ശ്രമം നടത്തി. കേരളത്തിൽ പത്മജയിലൂടെ കെ കരുണാകരനെ സ്വന്തമാക്കാനായിരുന്നു ശ്രമം. ഇപ്പോൾ ചേറ്റൂർ ശങ്കരൻനായരെ ബിജെപിയുടെ ഭാഗമാക്കാനാണ് നീക്കം. ദേശീയസ്വാതന്ത്ര്യസമരം ശക്തമായ കാലത്താണ് അദ്ദേഹം വിട്ടുപിരിഞ്ഞത്.
പ്രമുഖ അഭിഭാഷകനായിരുന്ന അദ്ദേഹം ജാലിയൻവാലാബാഗ് സംഭവത്തെത്തുടർന്ന് ബ്രിട്ടീഷുകാർക്കെതിരെ നിയമപോരാട്ടം നടത്തി ജനറൽ ഡയറിനെതിരായ കേസ് ബ്രിട്ടനിൽ പോയാണ് അദ്ദേഹം വാദിച്ചത്. ഇപ്പോൾ ഒരു സിനിമ വന്നപ്പോഴാണ് കോൺഗ്രസുകാർ അദ്ദേഹത്തെ ഓർത്തത്.
നിലമ്പൂരിൽ കൃത്യമായ സമയത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും നല്ല വിജയപ്രതീക്ഷയുണ്ടെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.









0 comments