സ്ത്രീകളുടെ തിരോധാനം: സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ പരിശോധന

ചേർത്തല: പള്ളിപ്പുറം തിരോധാനക്കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ പരിശോധന നടക്കുന്നു. റോസമ്മയുടെ കോഴിഫാമിലാണ് പരിശോധന നടക്കുന്നത്. കാണാതായ ആയിഷയുടെ അയൽവാസിയാണ് റോസമ്മ. ഇവരുടെ വീട്ടിൽ സെബാസ്റ്റ്യൻ വന്നപ്പോഴാണ് ആയിഷയുമായി പരിചയപ്പെടുന്നത്. ചേർത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്ടിൽ ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. നാഷണൽ സെന്റർ ഫോർ ഏർത്ത് സയൻസ് സ്റ്റഡീസ് തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചേർത്തല കേന്ദ്രീകരിച്ച് നടന്ന സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് 2005 മുതൽ സംസ്ഥാനത്ത് കാണാതായ സ്‌ത്രീകളെ കുറിച്ചുള്ള വിവരങ്ങൾ സ്‌റ്റേറ്റ് ക്രൈം റെക്കോഡ്‌സ് ബ്യൂറോയിൽനിന്ന് പൊലീസ് ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് വിവരങ്ങൾ ശേഖരിച്ചത്. ഇരകളെ തെരഞ്ഞെടുക്കാൻ സെബാസ്റ്റ്യൻ മറയാക്കിയിരുന്നത് വസ്തുവ്യാപാരവും ആരാധനാലയങ്ങളുമായിരുന്നുവെന്നാണ് വിലയിരുത്തുന്നത്. കുടുംബവുമായി അകന്ന് കഴിഞ്ഞവരാണ് കാണാതായവരിൽ പലരും. ഇത്തരം പശ്ചാത്തലങ്ങളുള്ള സ്ത്രീകളുടെ വിവരങ്ങളാകും പരിശോധിക്കുക.
സ്ത്രീകളുടെ തിരോധാനക്കേ സിൽ സെബാസ്റ്റ്യന്റെ വീട്ടിൽ നിന്നുലഭിച്ച മൃതദേഹ അവശിഷ്‌ടങ്ങൾ ജെയ്‌നമ്മയുടേതല്ലെന്ന് പ്രാഥമിക നിഗമനം. 2024 ഡിസംബറിലാണ് ഏറ്റുമാനൂർ സ്വദേശിനി ജെയമ്മയെ കാണാതായത്. കണ്ടെത്തിയ അസ്ഥിയുടെ ഭാഗങ്ങൾക്ക് ആറ് വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിലയിരുത്തുന്നത്. ക്യാപ്പിട്ട പല്ലുകളും ഇവിടെ നിന്ന് ലഭിച്ചിരുന്നു. ജെയ്നമ്മയ്ക്ക് അത്തരം പല്ലുകളില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ചിരുന്നു. ചേർത്തല സ്വദേശിനി ഹൈറു മ്മയ്ക്ക് (ഐഷ) വെപ്പുപല്ലു ണ്ടെന്നും കാണാതായ ബിന്ദു പത്മനാഭൻ പല്ലുമായി ബന്ധപ്പെട്ട് വിദഗ്‌ധ ചികിത്സ തേടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. ആദ്യപരിശോധനയിൽ അസ്ഥി കണ്ടെത്തിയതിന് സമീപം തന്നെയാണ് തിങ്കളാഴ്ചയും അസ്ഥി ലഭിച്ചത്. അതുകൊണ്ടു ശരീര അവശിഷ്ടങ്ങൾ ഒരാളുടെ തന്നെയാകുമെന്നുമാണ് അനുമാനം. വ്യാഴാഴ്ച ഡിഎൻഎ പരിശോധന ഫലം വരുന്നതോടെ സ്ഥിരീകരണമുണ്ടാകും.
ജെയ്നമ്മ വധക്കേസിൽ കസ്റ്റഡിയിലുള്ള ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാളെ കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ശാസ്ത്രീയമായി ചോദ്യംചെയ്യാൻ തുടങ്ങി. കേസിൽ ഇതിനകം 24 പേരെയാണ് കോട്ടയം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്തത്. ശാസ്ത്രീയ തെളിവുകൾ അന്വേഷകസംഘം ശേഖരിച്ചു. ജെയ്നമ്മയുടെ തിരോധാനശേഷം അവരുടെ മൊബൈൽഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതാണ് നിർണായക തെളിവ്. ഇൗരാറ്റുപേട്ടയിലെ സ്ഥാപനത്തിലെത്തി ജെയ്നമ്മയുടെ നമ്പറിൽ ഫോൺ റീചാർജ് ചെയ്തത് അന്വേഷകസംഘം കണ്ടെത്തി. അവിടത്തെ സിസിടിവി ദൃശ്യവും ശേഖരിച്ചു.









0 comments