ചേർത്തലയിലെ വീട്ടമ്മയുടെ മരണം: ഭർത്താവിനെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു

ചേർത്തല: ചേർത്തലയിലെ വീട്ടമ്മ സജിയുടെ മരണത്തിൽ ഭർത്താവ് സോണിക്കെതിരെ കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യക്കും ഗാർഹിക പീഡനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റം നിലനിൽക്കില്ലെന്നും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സജിയുടെ മരണം തലയ്ക്കേറ്റ ക്ഷതത്തെ തുടർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ജനുവരി എട്ടിന് രാത്രി പത്തോടെയാണ് തലയ്‌ക്ക് പരിക്കേറ്റ സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്‌ച രാവിലെയാണ് മരിച്ചത്. അന്നുതന്നെ സംസ്‌കരിക്കുകയുംചെയ്‌തു. സജിയുടെ മരണം കൊലപാതകമെന്ന മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം സെമിത്തേരിയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയക്കുകയായിരുന്നു.
സജി വീട്ടിൽ തെന്നി വീണതായാണ് ആശുപത്രിയിൽ അറിയിച്ചിത്. അതിനാൽ സ്വാഭാവികമരണമായി കണക്കാക്കിയായിരുന്നു നടപടികൾ. സംസ്കാരം കഴിഞ്ഞതോടെയാണ് മകൾ പിതാവിനെതിരെ പരാതി നൽകിയത്. ജനുവരി എട്ടിന് രാത്രി സജിയെ സോണി ആക്രമിച്ചെന്നും തല ഭിത്തിയിലിടിപ്പിച്ചാണ് പരിക്കേൽപ്പിച്ചതെന്നുമാണ് മകളുടെ മൊഴി. നിരന്തരം മർദിച്ചിരുന്നതായും പറയുന്നു. ഭീഷണിപ്പെടുത്തിയതിനാലാണ് വീഴ്‌ചയിൽ പരിക്കേറ്റതാണെന്ന് പറഞ്ഞതെന്നാണ് മകളുടെ പരാതി.









0 comments