ചെക്ക് മാറാന്‍ ഒക്ടോബര്‍മുതല്‍ അതിവേഗ സംവിധാനം

കൊച്ചി
മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് മാറിയെടുക്കാനുള്ള സംവിധാനം ഒക്ടോബര്‍മുതല്‍ നടപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നിലവില്‍ മിക്ക ബാങ്കുകളും കുറഞ്ഞത് രണ്ടു പ്രവൃത്തിദിവസമെടുത്താണ് ഇടപാടുകാരന്റെ അക്കൗണ്ടില്‍ പണമെത്തിക്കുന്നത്.
ഇടപാടുകാര്‍ ശാഖകളില്‍ സമര്‍പ്പിക്കുന്ന ചെക്കുകള്‍ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (സിടിഎസ്) വഴിയാണ് നിലവിൽ മാറ്റിയെടുക്കുന്നത്. ഒരുദിവസം നിശ്ചിതസമയത്തിനുള്ളില്‍ ലഭിക്കുന്ന ചെക്കുകള്‍ ഒരുമിച്ച് സ്കാന്‍ ചെയ്ത് (ബാച്ച് പ്രോസസിങ്) ക്ലിയറിങ്ങിന് അയക്കുകയാണ്. ചെക്ക് ലഭിക്കുമ്പോള്‍ത്തന്നെ സ്കാന്‍ ചെയ്ത് സിടിഎസിലൂടെ ക്ലിയറിങ്ങിന് അയക്കുന്നതായിരിക്കും പുതിയ സംവിധാനം.
രണ്ടുഘട്ടമായാണ് ഈ മാറ്റം നടപ്പാക്കുക. ഒക്ടോബര്‍ നാലുമുതലുള്ള ഒന്നാംഘട്ടത്തില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ തുടര്‍ച്ചയായി ചെക്കുകള്‍ സ്കാന്‍ ചെയ്ത് അയക്കും. ചെക്ക് അംഗീകരിക്കണോ തള്ളണോയെന്ന്, അത് സ്വീകരിക്കുന്ന ബാങ്ക് വൈകിട്ട് ഏഴിനുമുമ്പ് തീരുമാനിക്കണം. അല്ലാത്തപക്ഷം അവ അംഗീകരിച്ചതായി കണക്കാക്കും. 2026 ജനുവരി മൂന്നുമുതലുള്ള രണ്ടാംഘട്ടത്തില്‍, ചെക്ക് ലഭിച്ച് മൂന്നുമണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കണം. അതായത് രാവിലെ 10നും 11നുമിടയ്ക്ക് ലഭിക്കുന്ന ചെക്കില്‍ ഉച്ചയ്ക്ക് രണ്ടിനുമുമ്പ് തീരുമാനമാകണം. ഇങ്ങനെ മൂന്നുമണിക്കൂറിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ചെക്കുകള്‍ അംഗീകരിച്ചതായി കണക്കാക്കി തീര്‍പ്പാക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.









0 comments