ചെന്താമര കടുത്ത അന്ധവിശ്വാസിയും സംശയരോഗിയും; തിരച്ചിൽ ശക്തം

ചെന്താമര (ഇടത്)
കൊല്ലങ്കോട്: ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ അപഹരിച്ചത് ചെന്താമരയുടെ കടുത്ത സംശയരോഗവും അന്ധവിശ്വാസവും. അയൽക്കാരെയൊക്കെ സംശയത്തോടെയാണ് ഇയാൾ കണ്ടിരുന്നതെന്നും ഇയാളുടെ സംശയരോഗത്തിലും അന്ധവിശ്വാസത്തിലും മനംമടുത്താണ് ഭാര്യയും മക്കളും വീടുവിട്ട് പോയതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ, അതിന്റെ ഉത്തരവാദിത്വം ചെന്താമര കൊല്ലപ്പെട്ട സുധാകരന്റെ കുടുംബത്തിനുമേൽ കെട്ടിവയ്‌ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് 2019 ആഗസ്ത് 31ന് സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നത്.
ഭാര്യയും മക്കളും വീടുവിട്ടു പോകാൻ കാരണം സജിതയും കുടുംബവും നടത്തിയ ദുര്‍മന്ത്രവാദമാണെന്നാണ് വിശ്വസിക്കുന്നതെന്ന് ചെന്താമര സജിതയുടെ കൊലപാതകത്തിന് ശേഷം പൊലീസിന് മൊഴി നൽകിയിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോത്സൻ പറഞ്ഞിരുന്നുവെന്നും ഇയാൾ മൊഴി നല്‍കിയിട്ടുണ്ട്. സജിതയുടെ കൊലപാതകം നടന്ന ദിവസം സുധാകരൻ തിരുപ്പൂരിൽ ജോലി ചെയ്യുകയായിരുന്നതിനാൽ നാട്ടിൽ ഉണ്ടായിരുന്നില്ല. കുട്ടികൾ സ്‌കൂളിലുമായിരുന്നു. വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ വെട്ടിയത്.
കൊലപാതകശേഷം ഇയാൾ പോത്തുണ്ടി, നെല്ലിയാമ്പതി മേഖലയിലെ കാട്ടിലേക്ക് രക്ഷപ്പെട്ടെങ്കിലും പൊലീസ് പരിശോധനയിൽ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രിയിൽ പുറത്തിറങ്ങിയപ്പോൾ സെപ്തംബർ മൂന്നിനാണ് ഇയാൾ പിടിയിലായത്. ഇപ്പോൾ ജാമ്യത്തിലാണ്. ഇയാളുടെ രീതികളും നീക്കങ്ങളുമൊക്കെ നിഗൂഢമാണെന്നും നാട്ടുകാർ പറയുന്നു. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവിനേയും അമ്മയേയും വകവരുത്തിയത്.
മറ്റ് അയൽക്കാർക്കും ചെന്താമര ഭീഷണിയുയർത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. തന്റെ കുടുംബം തകരാൻ അയൽപക്കത്തെ മറ്റ് പല സ്ത്രീകളും കാരണക്കാരാണെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. അയൽക്കാരായ വേറെ രണ്ടു സ്ത്രീകളേയും ഇയാൾ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി വിവരമുണ്ട്. ചെന്താമരയെ ഭയന്നായിരുന്നു ജീവിച്ചതെന്നും ഒറ്റക്കായിരിക്കുമ്പോൾ വീടിന് പുറത്തിറങ്ങാൻ പോലും ഭയമായിരുന്നുവെന്നും അയൽവാസി പുഷ്പ പറഞ്ഞു.
ചെന്താമരക്കായി തിരച്ചിൽ ഊർജിതം

സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി മുങ്ങിയ ചെന്താമരക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. തിരച്ചിലിന് കൂടുതല്‍ സംഘത്തെ നിയോഗിച്ചു. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസും എഎൻഎഫും അഗ്നിരക്ഷാ സേനയും പ്രദേശത്ത് പരിശോധന നടത്തുന്നത്. നെല്ലിയാമ്പതി കാടും മലയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നൂറിലധികം പേരടങ്ങുന്ന സംഘമാണ് പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തുന്നത്.
തിരുപ്പൂരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ ചെന്താമര ഇവിടെയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. സഹോദരൻ രാധയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും വിവരം ലഭിച്ചിട്ടില്ല. പൊലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് കുളങ്ങളും കിണറുകളും പരിശോധിച്ചു. അക്രമി വിഷം കഴിച്ച് വെള്ളത്തിൽ ചാടിയെന്ന സംശയത്തിലാണ് ഇത്. ഇന്നലെ പൊലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ നായ എത്തി നിന്നത് ചെന്താമരയുടെ തറവാട് വീടിന് സമീപത്തെ കുളത്തിനടുത്തായിരുന്നു.









0 comments