തിരച്ചിൽ അവസാനിപ്പിച്ച പ്രതീതിയുണ്ടാക്കി; ചെന്താമരയെ കുടുക്കിയത് പൊലീസിന്റെ കൃത്യമായ പ്ലാനിങ്ങിൽ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പോത്തുണ്ടിയുടെ ഉറക്കം കെടുത്തിയ പ്രതി ചെന്താമര പിടിയിലായത് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് എത്തിയപ്പോൾ. വീടിന് സമീപത്തെ പാടത്ത് നിന്നാണ് ഇയാൾ പിടിയിലാകുന്നത്. ഇന്നലെ രാത്രി തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ പ്രതിക്ക് വിശപ്പ് സഹിക്കാനാവില്ലെന്ന് നേരത്തെ മനസിലാക്കിയ പൊലീസ് ചെന്താമരയെ കുടുക്കാൻ കെണിയൊരുക്കുകയായിരുന്നു. 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ഇയാൾ പിടിയിലായി. പോത്തുണ്ടി മലയിൽ നിന്നും രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് പ്രതിയുടെ വീടിന്റെ പിൻവശത്തേക്കുമുള്ളതായിരുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയാണ് ഇയാൾ നടന്നുവന്നത്. ഒളിച്ചിരുന്ന പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു.
പിടികൂടുമ്പോൾ ഇയാൾ അവശ നിലയിലായിരുന്നു. രക്ഷപ്പെട്ടതിന് ശേഷം വിഷം കഴിച്ചതായി ചെന്താമര പറഞ്ഞിരുന്നു. എന്നാൽ വൈദ്യ പരിശോധനയിൽ വിഷം ഉള്ളിൽ ചെന്നിട്ടില്ലെന്ന് വ്യക്തമായി. ഡ്രോൺ പരിശോധനയിൽ കണ്ടെത്താതിരിക്കാൻ വലിയ മരങ്ങളുടെ താഴെ ഒളിക്കുകയും ഓരോ തവണയും താവളങ്ങൾ മാറുകയും ചെയ്തു. തിരച്ചിൽ ഊർജിതമാക്കിയതോടെ പ്രതി പൊലീസിന്റെ വലയിൽ കുരുങ്ങുകയായിരുന്നു. തന്റെ ഭാര്യ ഉൾപ്പെടെ അഞ്ചുപേരെ കൊല്ലാനായിരുന്നു പദ്ധതിയെന്നും ഇനിയും മൂന്ന് പേർ ബാക്കിയുണ്ടെന്നുമാണ് പിടിയിലായതിന് പിന്നാലെ പ്രതി പൊലീസിനോട് പറഞ്ഞത്. ചെന്താമരയെ തൂക്കിക്കൊല്ലാതെ ഞങ്ങൾക്ക് മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ലെന്ന് അറസ്റ്റിന് ശേഷം കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ പ്രതികരിച്ചു.
ഈ മാസം 27ന് രാവിലെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ചെന്താമര വെട്ടിക്കൊന്നത്. വീടിനുമുന്നിലിട്ടാണ് ഇരുവരെയും കൊലപ്പെടുത്തിയത്. സുധാകരനെ ആക്രമിക്കുന്ന ശബ്‌ദംകേട്ട് ഓടിവന്ന ലക്ഷ്‌മിയെയും വെട്ടുകയായിരുന്നു. സുധാകരൻ സംഭവസ്ഥലത്തും ലക്ഷ്‌മി സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. 2019 ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ചെന്താമരയുടെ ഭാര്യയും മക്കളും ഇയാളുമായി അകന്നുകഴിയുകയാണ്. അതിനുകാരണം സജിതയും സുധാകരനും ലക്ഷ്‌മിയുമാണെന്ന് ആരോപിച്ചായിരുന്നു സജിതയെ കൊലപ്പെടുത്തിയത്.
ഇരട്ട കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ചെന്താമരയെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പൊലീസ് പ്രയോഗിച്ചിരുന്നു. ചെന്താമരയുടെ ബന്ധുക്കളേയും നാട്ടുകാരെയും ചോദ്യം ചെയ്തു. കൊലപാതകം നടന്ന പരിസര പ്രദേശങ്ങളിലെല്ലാം പലതവണ വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി. പോത്തുണ്ടി വനമേഘലയിൽ പ്രതിയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നടത്തിയിരുന്നു. ചെന്താമര തമിഴ് നാട്ടിലേക്ക് കടന്നിരിക്കാം എന്ന നിഗമനത്തിലെത്തിയപ്പോഴും കേരളത്തിലും തമിഴ്നാട്ടിലുമായി ഒരേ സമയം അന്വേഷണം പുരോഗമിച്ചു.
ഒടുവിൽ പൊലീസ് തിരച്ചിൽ അവസാനിപ്പിച്ച് പിന്മാറിയെന്ന പ്രതീതിയുണ്ടാക്കി ഒളിയിടത്തിൽ നിന്ന് ചെന്താമരയെ പുറത്ത് ചാടിക്കുകയെന്ന ലക്ഷ്യം കൃത്യമായി ഫലം കാണുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് 36 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മാട്ടായി മേഖലയിൽ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തി തിരിച്ചുപോകുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാൽ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുന്ന വഴി പൊലീസ് ഒരുക്കിയ കെണിയിൽ ചെന്താമര കുടുങ്ങുകയായിരുന്നു.









0 comments