ചേന്ദമംഗലം കൂട്ടക്കൊല: ഋതുവിന് മാനസിക വിഭ്രാന്തിയില്ല; കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: പറവൂർ ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. ഋതു ജയനാണ് കേസിലെ ഏക പ്രതി. നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിനീഷയുടെ ഭർത്താവാണ് ജിതിൻ. വിനീഷയുടെയും ജിതിന്റെയും മക്കളുടെ കൺമുന്നിൽ വച്ചാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്.
ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേർക്കും മുഖത്തും തലയിലുമാണ് പരിക്കുകൾ. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയിൽ ആറും വിനീഷയുടെ തലയിൽ നാലും ഉഷയുടെ തലയിൽ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റർവരെ നീളത്തിലുള്ള മുറിവുകളുണ്ടായിരുന്നു.









0 comments