ചേന്ദമംഗലം കൂട്ടക്കൊല: ഋതു അഞ്ചു ദിവസം പൊലീസ് കസ്റ്റഡിയിൽ

ഋതു, പേരേപ്പാടത്ത് ദമ്പതികളുടെയും മകളുടെയും മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കളും നാട്ടുകാരും
പറവൂർ> ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടിൽ കയറി ഇരുമ്പുവടികൊണ്ട് തലയ്‌ക്കടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി പേരേപ്പാടം കണിയാംപറമ്പിൽ ഋതുവിനെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഋതുവിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.
മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം ഞായർ ഋതുവിന്റെ വീട് ചിലർ അടിച്ചുതകർത്തു. വീടിന്റെ ജനൽചില്ലുകളും സിറ്റൗട്ടിന്റെ ഒരുഭാഗവും തകർത്തു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
വ്യാഴം വൈകിട്ട് 6.30നാണ് പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെ ഋതു തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ, വിനീഷയുടെ ഭർത്താവ് ജിതിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആസ്‌റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. വെള്ളിയാഴ്‌ച ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേർക്കും മുഖത്തും തലയിലുമാണ് പരിക്കുകൾ. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയിൽ ആറും വിനീഷയുടെ തലയിൽ നാലും ഉഷയുടെ തലയിൽ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റർവരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയത്. കൊലപാതകത്തിൽ കുറ്റബോധമില്ലാത്ത വിധമാണ് പ്രതിയുടെ പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.
0 comments