സ്ത്രീകളുടെ നമ്പറുകൾ പലർക്കും കൊടുത്തു; നിരന്തര ഭീഷണി: ഋതുവിന്റെ ഉപദ്രവത്തിൽ പൊറുതിമുട്ടി അയൽക്കാർ

പറവൂർ: എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതു നിരന്തരം ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ. പ്രതി കഞ്ചാവ് ഉപയോഗിച്ച് നിരന്തരം ആക്രമണം നടത്തുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സമീപ വീടുകൾക്കെല്ലാം ഇയാൾ നിരന്തര ശല്യമായിരുന്നു.പകൽ മുഴുവൻ കിടന്നുറങ്ങുക, രാത്രി പുറത്തിറങ്ങി നടക്കുക, ലഹരി ഇടപാടുകൾ, സ്‌ത്രീകളെ ശല്യപ്പെടുത്തൽ ഇതൊക്കെയായിരുന്നു ഇയാളുടെ പതിവുകൾ. രാത്രി വീടുകളിൽ വന്ന് ജനലിൽ അടിച്ചും ഗേറ്റിൽ ചവിട്ടിയും അസഭ്യം പറഞ്ഞും ശല്യപ്പെടുത്തിയിരുന്നു.
ഋതു തങ്ങളെ പെട്രോൾ ഒഴിച്ചു കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി അയൽവാസികളായ കുളങ്ങരകാട്ടുപറമ്പിൽ സുഭാഷും ഭാര്യ ധന്യയും പറയുന്നു. ധന്യയെയും മകളെയുമാണ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ധന്യയെക്കുറിച്ച് നാട്ടിൽ അപവാദം പ്രചരിപ്പിച്ചു. ധന്യയുടെ ഫോൺ നമ്പർ പലർക്കും കൊടുത്തു. കൊല്ലപ്പെട്ട വിനീഷയുടെ നമ്പറും പലർക്കും കൊടുത്തു. മൂന്നുതവണ ഇയാൾക്കെതിരെ വടക്കേക്കര സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെന്നും ഇരുവരും പറയുന്നു. ഋതുവിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചിരുന്നു. ഇയാളെ പേടിച്ച് സമീപത്ത് സിസിടിവി കാമറകൾ സ്ഥാപിച്ചിരുന്നുവെന്നും സുഭാഷ് പറയുന്നു. ഋതു കിടപ്പുരോഗിയായ തന്നെയും കുടുംബത്തെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും അയാളെ പേടിച്ച് ഒരു വലിയ വടി കൈയിൽ കരുതിയാണ് താൻ കിടക്കാറെന്നും അയൽവാസിയായ ജയ പറയുന്നു.
ഋതു ഗുണ്ടാ പട്ടികയിലുള്ള ആളെന്ന് പൊലീസും സ്ഥീകരിച്ചിരുന്നു. സ്ത്രീകളെ ശല്യം ചെയ്തതും ബൈക്ക് മോഷണവുമടക്കമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ മുൻപും റിമാൻഡിൽ പോയിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. പല കേസുകളിലും പൊലീസിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടിട്ടുള്ളത് ഒരു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. മെന്റൽ ഡിപ്രഷന് മരുന്ന് കഴിച്ചുവരുന്ന ആളാണെന്നുള്ള സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിവച്ചിട്ടുണ്ട്. ഏതെങ്കിലും കേസിൽ അറസ്റ്റിലാകുമ്പോൾ പ്രതിയുടെ വീട്ടുകാരും ഈ സർട്ടിഫിക്കറ്റമായി പോലീസ് സ്‌റ്റേഷനിലെത്തും.
0 comments