ചേന്ദമംഗലം കൂട്ടക്കൊലപാതകം ; ഋതു റിമാൻഡിൽ, കുറ്റം സമ്മതിച്ചു

മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കളും നാട്ടുകാരും
പറവൂർ
ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടിൽക്കയറി ഇരുമ്പുവടികൊണ്ട് തലയ്‌ക്കടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി ചേന്ദമംഗലം കണിയാപറമ്പിൽ ഋതു കുറ്റം സമ്മതിച്ചു. കൊലപാതകസമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഋതുവിനെ വൈകിട്ട് 5.30ഓടെ പറവൂർ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വൻ പ്രതിഷേധത്തിനിടെയാണ് പൊലീസ് ഇയാളെ കോടതിയിലെത്തിച്ചത്. വ്യാഴം വൈകിട്ട് 6.30നാണ് പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെ ഋതു തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിന് ഗുരുതര പരിക്കേറ്റു. പോസ്‌റ്റ്‌മോർട്ടത്തിനുശേഷം മൂന്നുപേരുടെയും മൃതദേഹം, കൊല്ലപ്പെട്ട ഉഷയുടെ സഹോദരി കുമാരിയുടെ കരിമ്പാടം മണത്തറ വീട്ടിൽ പൊതുദർശനത്തിനുവച്ചു. തുടർന്ന് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുരിക്കുംപാടം ശ്മശാനത്തിൽ സംസ്‌കരിച്ചു.
ഋതുവിന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണൻ പറഞ്ഞു. എവിടെയും ചികിത്സ തേടിയിട്ടില്ല. പ്രതി ചോദ്യംചെയ്യലുമായി സഹകരിക്കുന്നുണ്ട്. ശനിയാഴ്‌ച കസ്റ്റഡി അപേക്ഷ നൽകുമെന്നും ഡിവൈഎസ്‌പി പറഞ്ഞു.
ഋതു ആദ്യം ആക്രമിച്ചത് വിനീഷയെയാണ്. ഇതിനുപിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിന്റെ തലയ്ക്കടിച്ചത്. കൊല്ലപ്പെട്ട മൂന്നുപേർക്കും മുഖത്തും തലയിലുമാണ് പരിക്കുകൾ. കഴുത്തിനുതാഴെ കാര്യമായ പരിക്കുകളില്ല. വേണുവിന്റെ തലയിൽ ആറും വിനീഷയുടെ തലയിൽ നാലും ഉഷയുടെ തലയിൽ മൂന്നും മുറിവുണ്ട്. എട്ട് സെന്റിമീറ്റർവരെ നീളത്തിലുള്ള മുറിവുകളുണ്ടെന്നും പൊലീസ് പറഞ്ഞു. ജിതിനെ ആസ്‌റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ വെന്റിലേറ്ററിലാണ്.
അടിച്ച് തലപൊട്ടിച്ചത് ബൈക്കിന്റെ സ്‌റ്റമ്പുകൊണ്ട്
ചേന്ദമംഗലത്ത് കുടുംബത്തിലെ മൂന്നുപേരെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താൻ പ്രതി ഋതു ഉപയോഗിച്ചത് ബൈക്കിന്റെ ഷോക്ക്‌അബ്‌സോർബറിന്റെ സ്‌റ്റമ്പ്.
ഇതുകൊണ്ട് തലയ്‌ക്കടിച്ചശേഷം ജിതിന്റെ ബൈക്കുമായി പോകുന്നതിനിടെ പ്രതി നാട്ടുകാരിൽ ചിലരോട് നാലുപേരെ തീർത്തെന്ന് പറഞ്ഞിരുന്നു. ഹെൽമെറ്റ് വയ്‌ക്കാതെ സിഗരറ്റ് വലിച്ച് ബൈക്കിൽ പോകുന്നതുകണ്ട് വടക്കേക്കര പൊലീസ് കൈ കാണിച്ചു. എന്നാൽ, നിർത്താതെപോയ ഋതു തിരികെവന്ന് നാലുപേരെ കൊന്നെന്ന് പൊലീസിനോട് പറഞ്ഞു. തുടർന്ന് ഇയാളെ ജീപ്പിൽ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
വേണുവും കുടുംബവും അപകീർത്തിപ്പെടുത്തുന്നതിനാലാണ് കൊലപാതകമെന്നാണ് ഋതു മൊഴി നൽകിയത്. കൊലപാതകത്തിൽ കുറ്റബോധമില്ലാത്ത വിധമാണ് പ്രതിയുടെ പെരുമാറ്റമെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് കേസിൽ പ്രതി
ബൈക്ക് മോഷണം ഉൾപ്പെടെ മൂന്ന് കേസുകളിൽ ഋതു പ്രതിയാണ്. പൊലീസിന്റെ ഗുണ്ടാ പട്ടികയിലുണ്ട്. 2015ൽ എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ ബൈക്ക് മോഷണം, 2020ൽ പറവൂർ സ്‌റ്റേഷനിൽ അടിപിടി, 2022ൽ സ്ത്രീയെ പിന്തുടർന്ന് ശല്യംചെയ്‌തെന്ന പരാതിയിൽ വടക്കേക്കര സ്‌റ്റേഷനിലുമാണ് കേസുകൾ. തർക്കങ്ങളിൽ വേണുവിന്റെ വീട്ടുകാരും ഋതുവിന്റെ വീട്ടുകാരും രണ്ടുതവണ വടക്കേക്കര പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും സ്‌റ്റേഷനിൽ ഒത്തുതീർപ്പാക്കിയിരുന്നു.
വേണുവിന്റെ കുടുംബത്തെക്കുറിച്ച് പറയാൻ നല്ലതുമാത്രം
കൊല്ലപ്പെട്ട വേണുവിന്റെ കുടുംബത്തെക്കുറിച്ച് പരിസരവാസികൾക്ക് പറയാനുള്ളത് നല്ല വാക്കുകൾ മാത്രം. വളരെ ശാന്തമായി സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നവർ.
വേണുവിന്റെ കുടുംബം കിഴക്കുംപുറത്ത് വന്നിട്ട് രണ്ടരവർഷത്തോളമേ ആയിട്ടുള്ളു. പരമ്പരാഗത കൈത്തറി തൊഴിലാളികളാണ് വേണുവും ഭാര്യ ഉഷയും. കൈത്തറിയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ വേണു സിമന്റ് ഇഷ്ടിക, വാർക്ക, കിണർ ജോലിയിലേക്ക് മാറിയെങ്കിലും ശാരീരികബുദ്ധിമുട്ടുമൂലം കുറച്ചുനാളായി പണിക്കുപോകാനാകുന്നില്ല.
തലയ്ക്കടിയേറ്റ് ഗുരുതര പരിക്കുള്ള ഇവരുടെ മരുമകൻ ജിതിൻ ബോസ് കുറച്ചുകാലം നാട്ടിൽ ഡ്രൈവറായിരുന്നു. പിന്നീടാണ് ഗൾഫിൽ ജോലി കിട്ടിയത്.
കൂട്ടക്കൊല നടത്തിയ പ്രതി ഋതു ഇടയ്ക്ക് ബംഗളൂരുവിൽ പോകുമെങ്കിലും ഇയാളുടെ ജോലിയെക്കുറിച്ച് ആർക്കും വ്യക്തമായ ധാരണകളില്ല. ലഹരിമരുന്ന് ഇടപാടുകൾക്കായാണ് ബംഗളൂരു യാത്ര എന്നാണ് നാട്ടുകാർ പറയുന്നത്.
രോഷാകുലരായി നാട്ടുകാർ, മുഖം മറച്ച് ഋതു
പ്രതി ഋതുവിനെ കോടതിയിൽ എത്തിച്ചപ്പോൾ രോഷാകുലരായി നാട്ടുകാർ പാഞ്ഞടുത്തു. അവരെ നേരിടാനാകാതെ ഋതു ടീ ഷർട്ടുകൊണ്ട് പാതി മുഖം മറച്ചു. പ്രത്യേകിച്ച് ഭാവഭേദമില്ലായിരുന്നു. ആദ്യം കോടതിമുറിയിൽ ഹാജരാക്കിയപ്പോൾ ഇടയ്‌ക്ക് പുറത്തെ ജനക്കൂട്ടത്തെ നോക്കി. പലതവണ ടീ ഷർട്ടുകൊണ്ട് മുഖം മറയ്‌ക്കാൻ ശ്രമിച്ചു. തുടർന്ന് മജിസ്‌ട്രേട്ടിന്റെ ചേംബറിലാണ് ഹാജരാക്കിയത്.
വെള്ളി വൈകിട്ട് 5.30നാണ് പറവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്. ജിതിന്റെ സുഹൃത്തുക്കളും നാട്ടുകാരും കോടതി അങ്കണത്തിൽ എത്തിയിരുന്നു. ഇവരിൽ പലരും രോഷത്തോടെ, ‘നീ ഒരു കുടുംബത്തിനെ ഇല്ലാതാക്കിയില്ലേടാ’ എന്ന് ഉറക്കെ ചോദിക്കുന്നുണ്ടായിരുന്നു.
ജീപ്പിൽനിന്ന് ഇറക്കിയപ്പോൾ ചിലർ പ്രതിക്കുനേരെ പാഞ്ഞടുത്തെങ്കിലും പൊലീസ് വേഗം കോടതിയുടെ ഉള്ളിലേക്ക് കയറ്റി. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് കോടതിമുറിക്കുസമീപത്തേക്ക് ജീപ്പ് നീക്കിയിട്ടു. പ്രതിയെ തിരിച്ച് പുറത്തേക്ക് ഇറക്കിയപ്പോൾ ഒരാൾ ഇഷ്‌ടികയുമായി പാഞ്ഞടുത്തു. പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിൽ ഋതുവിനെ ജീപ്പിലേക്ക് വേഗം കയറ്റി. പ്രതിയെ ആലുവ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്.









0 comments