ചേന്ദമംഗലം കൊലപാതകം: അരുംകൊല മക്കളുടെ കൺമുന്നിൽ

പ്രതി ഋതു ജയൻ (ഇടത്), ജിതിനും വിനീഷയും മക്കൾക്കൊപ്പം (വലത്)
പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതി കണിയാംപറമ്പിൽ ഋതു ജയൻ കൃത്യം നടത്തിയത് വിനീഷയുടെയും ജിതിന്റെയും മക്കളുടെ കൺമുന്നിലായിരുന്നു. അമ്മയടക്കം ഏറ്റവും പ്രിയപ്പെട്ടവരുടെ കൊലപാതകം നേരിട്ടുകണ്ട നടുക്കത്തിൽ നിന്ന് ആരാധ്യയുടെയും അവനിയും ഇനിയും പുറത്തുവന്നിട്ടില്ല.
ആറാംക്ലാസ് വിദ്യാർഥിയാണ് ആരാധ്യ (പൊന്നു). ഒന്നാംക്ലാസിലാണ് അവനി (മാളു) പഠിക്കുന്നത്.
സുഖമില്ലാതിരുന്നതിനാൽ പൊന്നു ക്ലാസിൽ പോയില്ല. ക്ലാസ് വിട്ട് അവനി എത്തിയതോടെ വിനീഷ ചായയും പലഹാരങ്ങളും ഇരുവർക്കും നൽകി. മക്കളെ പഠിപ്പിക്കാൻ തുടങ്ങി. ഇതിനിടെയാണ് കൊലവിളിയുമായി ഋതു എത്തിയത്. കുട്ടികളെ രണ്ടുപേരെയും വലിച്ചിട്ട ശേഷമായിരുന്നു കൊലപാതകം. കുട്ടികൾ ഉറക്കെ നിലവിളിച്ചെങ്കിലും അയാൾ പിന്തിരിഞ്ഞില്ല. അടിയേറ്റ് വീണ അമ്മ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിവരെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ച ആരാധ്യയുടെ ദേഹത്തും രക്തം പടർന്നു. നടുക്കുന്ന ദൃശ്യങ്ങൾ കണ്ട് കുട്ടികൾ ഛർദിച്ചു. ഇരുവരെയും അയൽവക്കത്തെ വീട്ടിലേക്ക് മാറ്റി. പിന്നീട് ഇരുവരെയും ഉഷയുടെ സഹോദരിയുടെ കരിമ്പാടത്തെ വീട്ടിലേക്കും മാറ്റി. കുട്ടികൾ വല്ലാതെ ഭയപ്പെട്ടെന്ന് അയൽവാസി ജയ പറഞ്ഞു.
ജിതിന്റെ സുഹൃത്തുക്കളായ നാലുപേരാണ് ആദ്യം സംഭവസ്ഥലത്തെത്തിയത്. മുറിക്കുള്ളിൽ രക്തത്തിൽ കുളിച്ചു പിടയുന്ന നാലുപേരെയും ഇവരാണ് ആശുപത്രിയിൽ എത്തിച്ചത്. വിനീഷയുടെ തലയോട്ടി പിളർന്ന് തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. ചികിത്സയിൽ കഴിയുന്ന ജിതിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്.
0 comments