കണ്ണൂരിൽ വ്യാജ ഓൺലൈൻ ട്രേഡിങിലൂടെ ഡോക്ടറിൽ നിന്ന് 4.43 കോടി തട്ടി; ചെന്നൈ സ്വദേശികൾ അറസ്റ്റിൽ

Fake online trading
വെബ് ഡെസ്ക്

Published on Aug 10, 2025, 03:34 PM | 2 min read

കണ്ണൂര്‍: വ്യാജ ഓൺലൈൻ ട്രേഡിങിലൂടെ മട്ടന്നൂർ  സ്വദേശിയായ ഡോക്ടറിൽ നിന്ന് 4.43 കോടി രൂപ തട്ടിയ കേസില്‍ ചെന്നൈ സ്വദേശികൾ അറസ്റ്റിൽ. വാട്സാപ്പ് വഴിയായിരുന്നു തട്ടിപ്പ്. ഓണ്‍ലൈന്‍ ഷെയര്‍ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞ് കണ്ണൂര്‍ മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നും 4,43,20,000 രൂപയായിരുന്നു പ്രതികൾ തട്ടിയത്. ചെന്നൈ മങ്ങാട് സൈദ് സാദിഖ് നഗർ സ്വദേശികളായ മഹബൂബാഷ ഫാറൂഖ്(39), റിജാസ്(41) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ അന്വേഷണ സംഘം ചെന്നൈയിൽ എത്തി അറസ്റ്റ് ചെയ്തത്.


ഷെയര്‍ട്രേഡിങ് നടത്തുന്നതിനായി പ്രതികള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ പരാതിക്കാരനെക്കൊണ്ട് അപ്സ്റ്റോക്സ് (upstox) എന്ന കമ്പനിയുടെ വെൽത്ത് പ്രൊഫിറ്റ് (wealth profit) പ്ലാൻ സ്‌കീമിലൂടെ വൻ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. സന്ദേശങ്ങളെല്ലാം വാട്സാപ്പ് വഴിയാണ് അയച്ചത്. ഓരോ തവണ ഇൻവെസ്റ്റ് നടത്തുമ്പോളും വ്യാജ ട്രേഡിങ് ആപ്പ്ളിക്കേഷനിൽ വലിയ ലാഭം കാണിച്ചിരുന്നു. പരാതിക്കാരന്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വീണ്ടും പണം വാങ്ങുകയും പിന്‍വലിക്കാന്‍ സാധിക്കാതെ വരികയും വന്നതോടെയാണ് ഇത് തട്ടിപ്പാണെന്ന് മനസിലായത്.


പരാതിക്കാരന്റെ അക്കൌണ്ടിൽ നിന്നും നഷ്ടപ്പെട്ട തുകയിൽ 40 ലക്ഷത്തോളം രൂപ പ്രതികൾ കൈകാര്യം ചെയ്ത ബാങ്ക് അക്കൗണ്ടിൽ ലഭിച്ചിട്ടുണ്ട്. തട്ടിയെടുത്ത പണം പ്രതികളുടെ അറിവോടെ എടിഎം വഴി പിൻവലിക്കുകയും ബാക്കി തുക ഇന്റർനെറ്റ് ബാങ്കിങ് (Internet Banking) വഴി വിവിധ  അക്കൌണ്ടുകളിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.


കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജിന്റെ നിർദേശപ്രകാരം അഡീഷണൽ എസ്പി സജേഷ് വാഴാളപ്പിലിന്റെ മേൽനോട്ടത്തിൽ കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ജിഎസ്ഐ ഉദയകുമാർ, ജിഎഎസ്ഐ പ്രകാശൻ, സിപിഒ ദിജിൻരാജ് , എച്സി ജിതിൻ , പിസി സുദാൽ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. അക്കൗണ്ട് നമ്പറുകളും ഫോൺ കോളുകളും ഐഎംഇഐ (IMEI) നമ്പറുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് പ്രതികളെ കണ്ടെത്തിയത്. സൈബർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി പി പ്രജീഷ്, എഎസ്ഐ ജ്യോതി, സിപിഒ സുനിൽ , എച്സി ജിതിൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ ചെന്നൈയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത് .



deshabhimani section

Related News

View More
0 comments
Sort by

Home