ചേന്ദമംഗലം കൂട്ടക്കൊല: ഋതുവിന്റെ കസ്‌റ്റഡിക്ക് അപേക്ഷ നൽകി

പറവൂർ : ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടിൽ കയറി ഇരുമ്പുവടികൊണ്ട് തലയ്‌ക്കടിച്ചുകൊന്ന കേസിലെ മുഖ്യപ്രതി ഋതുവിനെ കസ്‌റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകി. പറവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് അപേക്ഷ നൽകിയത്. അപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും.
കസ്‌റ്റഡിയിൽ ലഭിച്ചാൽ ഇയാളെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കും. മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിലാണ് അന്വേഷണം. വ്യാഴം വൈകിട്ട് 6.30നാണ് പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഉഷ (62), മകൾ വിനീഷ (32) എന്നിവരെ ഋതു തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയത്. പരിക്കേറ്റ, വിനീഷയുടെ ഭർത്താവ് ജിതിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആസ്‌റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. വെള്ളിയാഴ്‌ച ശസ്‌ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
0 comments