ചേന്ദമംഗലം കൂട്ടക്കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

കൊച്ചി : ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിന്റെ കുറ്റപത്രം മുനമ്പം പൊലീസ് കോടതിയിൽ സമർപ്പിച്ചു. 112 സാക്ഷി മൊഴികളും 60 തെളിവ് രേഖകളും അടങ്ങിയ കുറ്റപത്രം പറവൂർ മജിസ്ട്രേറ്റ് കോടതിയിലാണ് സമർപ്പിച്ചത്. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതിയായ ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. ആക്രമണം നടക്കുന്ന സമയത്ത് ഋതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. ഋതു ജയനാണ് കേസിലെ ഏക പ്രതി.
നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം കഴിയുമ്പോൾ തന്നെ പറവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ പൊലീസിനായി. വിചാരണ എത്രയും പെട്ടെന്ന് നടപ്പാക്കുവാനാണ് പഴുതുകളടച്ചുകൊണ്ടുള്ള കുറ്റപത്രം പെട്ടെന്ന് തന്നെ പൊലീസ് സമർപ്പിച്ചത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരെ അയൽവാസിയായ ഋതു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിനീഷയുടെ ഭർത്താവായ ജിതിനും മാരകമായി വെട്ടേറ്റിരുന്നു. വിനീഷയുടെയും ജിതിന്റെയും മക്കളുടെ കൺമുന്നിൽ വച്ചാണ് പ്രതി ക്രൂര കൊലപാതകം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും കുട്ടികളുടെ മൊഴിയും കേസിൽ നിർണായകമായി.
Related News

0 comments