എഐ ഓണാഘോഷത്തിൽ ചാറ്റ് വിത്ത് മാവേലി


വൈഷ്‌ണവ് ബാബു
Published on Aug 30, 2025, 09:45 PM | 1 min read
തിരുവനന്തപുരം: ‘പണ്ട് ഇന്റർനെറ്റ് ഉണ്ടായിരുന്നെങ്കിൽ എത്ര ഓണം ലൈവ് ആയി കാണാമായിരുന്നു. അപ്പൊ പിന്നെ എന്നെ കാത്തിരുന്ന് ആരും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നല്ലോ...’ മാറുന്ന സാങ്കേതികവിദ്യയെക്കുറിച്ച് എഐ മാവേലിയോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണിത്. ഇത്തവണ ഓണം ആഘോഷിക്കാനെത്തിയ എഐ മാവേലിക്ക് കുറുമ്പ് അൽപ്പം കൂടുതലാണെന്ന് ചാറ്റ് ചെയ്തവർ ഒന്നടങ്കം പറയുന്നു. എന്തും ചോദിക്കാം എന്തും പറയാം, നർമം കലർത്തിയുള്ള മറുപടിയിൽ ആരും ചിരിച്ചുപോകും.
ടെക്നോപാർക്കിലെ സെഞ്ച്യൂറിയോ ടെക് എന്ന സ്റ്റാർട് അപ് കമ്പനിയാണ് എഐ മാവേലിയെ വികസിപ്പിച്ചത്. www.maveli.ai വഴി ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം. ‘ഓണം വീണ്ടും വന്നെത്തി, ഇത്തവണ നമുക്ക് എഐ വഴി സംസാരിച്ചാലോ’ എന്ന് ചോദിച്ച് മാവേലി സ്വാഗതം ചെയ്യും. മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ചോദിക്കാം. ഇമോജിയും തമാശകളുമായി ഉത്തരങ്ങളെത്തും.
സെഞ്ച്യൂറിയോ ടെക് സിഇഒ അജിഷ ഭാസി, അർഷാദ്, ദിവ്യ, ഭാഗർഗവ്, റെനീഷ്, ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ രണ്ടുമാസംകൊണ്ട് പത്തുപേരടങ്ങുന്ന സംഘമാണ് ഇതിനായി പ്രവർത്തിച്ചത്. മാവേലിയോട് സംസാരിക്കുന്നതിനൊപ്പം മെന്റൽ ടിപ്സ് കൂടി ഉൾപ്പെടുത്താനുള്ള നീക്കത്തിലാണിവർ. ഈ നൂതനാശയം ഇതിനകം വലിയ ജനശ്രദ്ധ നേടി. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തിലാണ്. ‘എഐ മാവേലിയെ പ്രവാസികൾ കൂടുതലായി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ക്രിസ്‌മസ് വന്നാലും മാവേലിയെ ഒഴിവാക്കില്ല. സാന്റയുടെ കൂടെ മാവേലിയെ എഐയിലെത്തിച്ച് കൂടുതൽ ജനകീയമാക്കുമെ’ന്ന് അജിഷ ഭാസി പറഞ്ഞു. 2024ൽ കേരള സ്റ്റാർട്ടപ് മിഷന്റെ സഹായത്തോടെയാണ് കമ്പനി ആരംഭിച്ചത്.
Caption: എഐ മാവേലിയെ വികസിപ്പിച്ച സെഞ്ച്യൂറിയോ ടെക് സ്റ്റാർട്ടപ് കമ്പനി ടീം









0 comments