ലാഭത്തിൽ കണ്ണ് വെച്ച് കേന്ദ്രവും: വിജിഎഫ് വായ്പയാക്കി വിഴിഞ്ഞത്ത് നിന്നും 12000 കോടി കൊണ്ടു പോകും

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയിലെ പ്രധാന പരിമിതി സാമ്പത്തിക സ്രോതസ്സുകളുടെ അഭാവമാണ്. ഇങ്ങനെ മുടങ്ങുന്ന പദ്ധതികൾക്ക് കൈത്താങ് നൽകാനായി രൂപീകരിച്ചതാണ് വയബിലിറ്റ് ഗ്യാപ് ഫണ്ട്. ഇത് ഗ്രാന്റായാണ് വിഴിഞ്ഞത്തിന് ലഭിക്കേണ്ടിയിരുന്നത്. മറ്റ് സഹായങ്ങൾ ഒന്നും തന്നെ അനുവദിക്കാത്ത സാഹചര്യത്തിൽ ഈ ഗ്രാന്റ് എങ്കിലും ലഭിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നു. ഈ ആവശ്യം കേരളം പലതവണ ഉന്നയിച്ചു.
പക്ഷെ, വിഴിഞ്ഞത്തിന് വിജിഎഫ് നൽകിയത് വായ്പ എന്ന നിലയ്ക്ക് പരിമിതപ്പെടുത്തി. പദ്ധതി പൂർത്തീകരിക്കുന്നത് വൈകിപ്പിക്കാതിരിക്കാൻ മാർച്ചിലാണ് വിജിഎഫ് ധാരണാ പത്രം കേരളം ഒപ്പിടുന്നത്.
സാമൂഹിക പ്രയോജനത്തിന്റെ അടിസ്ഥാനത്തിൽ നീതീകരിക്കപ്പെട്ടതും എന്നാൽ സാമ്പത്തികമായി ലാഭകരമായി തുടങ്ങാനാവാത്തവയുമായ പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനുള്ള സഹായ ധനം എന്നാണ് വിജിഎഫ് അർത്ഥമാക്കുന്നത്. ഒരു പ്രോജക്റ്റ് വാണിജ്യപരമായി ലാഭകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നൽകുന്നത്. പ്രോജക്റ്റ് ചെലവും അതിൽ നിന്നുള്ള പണമൊഴുക്ക് അല്ലെങ്കിൽ മോണിറ്ററി റിട്ടേണും തമ്മിൽ ഒരു വ്യാപ്തി വിടവ് ഉണ്ടാകും. പണ വരുമാനം ചെലവിനേക്കാൾ കുറവാണെങ്കിലും, പദ്ധതി സമൂഹത്തിന് കൂടുതൽ നേട്ടങ്ങൾ നൽകിയേക്കാം. അതിനാൽ, പദ്ധതി നടപ്പാക്കുന്ന ഏജൻസിക്ക് കുറഞ്ഞ പണ വരുമാന നഷ്ടപരിഹാരം നൽകുന്നതിനോ പ്രായോഗിക വിടവ് നികത്തുന്നതിനോ സർക്കാർ ബജറ്റിൽ നീക്കിവെച്ച് അനുവദിക്കേണ്ട തുകയാണിത്.
കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ ഒരു പ്ലാൻ സ്കീമായിട്ടാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
വിഴിഞ്ഞം കമ്പനിയിൽ മുടക്കാൻ ഫണ്ടില്ലാതെ ചക്രശ്വാസം വലിക്കുമ്പോൾ ധനപരമായ വിടവ് നികത്താനുള്ള ഗ്രാന്റ് ന്യായമായും ലഭിക്കേണ്ടതായിരുന്നു. തിരിച്ചടിവിൽ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്ത് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി സർബാനന്ദ് സോനോവാൾ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. വിജിഎഫുമായി ബന്ധപ്പെട്ട തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് ലഭിച്ചതായി ലോക്സഭയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമനും സമ്മതിച്ചിരുന്നു. പക്ഷെ അനുവദിച്ചപ്പോൾ ഇത് ഗ്രാന്റ് എന്നതിൽ നിന്നും മാറി വായ്പയായി.
വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയിൽ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സർക്കാരാണ്. ധനമന്ത്രാലയം രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ ചെയ്‌തത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസന്റ് മൂല്യം (എൻപിവി) അടിസ്ഥാനമാക്കി തിരിച്ചടയ്‌ക്കണമെന്ന നിബന്ധന മുന്നോട്ടുവച്ചു. ലഭിക്കുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിന്റെ കാലയളവിൽ പലിശയിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽനിന്നുള്ള വരുമാനവും പരിഗണിച്ചാൽ ഏതാണ്ട് 10,000–12,000 കോടി രൂപയായി തിരിച്ചടക്കേണ്ടി വരും. 2034ൽ സംസ്ഥാനത്തിന് തുറമുഖത്തിൽനിന്നുള്ള വരുമാനം ലഭിച്ചുതുടങ്ങുമ്പോൾ അതിന്റെ 20 ശതമാനം നൽകണമെന്നാണ് ആവശ്യം. അതായത് ഗ്യാപ് ഫണ്ട് അനുവദിച്ചതിന്റെ പേരിൽ വൻ തുക ലാഭത്തിൽ നിന്നും കേന്ദ്രം പിടിക്കും.
വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പദ്ധതിക്കുപോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വച്ചിരുന്നില്ല. കൊച്ചി മെട്രോയ്‌ക്കുവേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. തൂത്തുക്കുടി ഉൾപ്പെടെ തുറമുഖങ്ങൾക്ക് ഗ്രാന്റായാണ് വിജിഎഫ് അനുവദിച്ചത്.
സാമ്പത്തികമായി ലാഭകരമല്ലാത്ത PPP പ്രോജക്ടുകളിൽ പങ്കാളികളാകാൻ സ്വകാര്യ മേഖലയിലെ നിക്ഷേപകരെ ആകർഷിക്കുന്നതിനായി VGF-ന് കീഴിൽ ഇത്തരമൊരു ഗ്രാൻ്റ് മൂലധന സബ്‌സിഡിയായി നൽകുന്നതാണ് രീതി. പൊതു-സ്വകാര്യ പങ്കാളിത്തത്തിന് കീഴിലുള്ള പ്രോജക്ടുകളെ പിന്തുണയ്ക്കുന്നതിനായി 2004-ലാണ പദ്ധതി ആരംഭിച്ചത്. 2022ലെ ബജറ്റിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 500 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.
മത്സരാധിഷ്ഠിത ബിഡ്ഡിംഗ് പ്രക്രിയയിലൂടെ സ്വകാര്യ മേഖലയിലെ സ്പോൺസർമാരെ തിരഞ്ഞെടുക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മാത്രമേ VGF ഗ്രാൻ്റുകൾ ലഭ്യമാകൂ. വിജിഎഫ് ഗ്രാൻ്റ് നിർമ്മാണ ഘട്ടത്തിൽ തന്നെ വിതരണം ചെയ്യുമെങ്കിലും സ്വകാര്യ മേഖലയിലെ ഡെവലപ്പർ പദ്ധതിക്ക് ആവശ്യമായ ഇക്വിറ്റി വിഹിതം നൽകിയതിന് ശേഷം മാത്രം എന്ന് നിബന്ധനയുണ്ട്. ഇതെല്ലാം കേരളം പൂർത്തീകരിച്ചിരുന്നതാണ്.
പദ്ധതിയുടെ മൊത്തം മൂലധന ചെലവിൻ്റെ 20% വരെയാണ് സാധാരണ ഗ്രാൻ്റ് തുക.
സർക്കാരിൻ്റെ ബജറ്റ് വിഹിതത്തിൽ നിന്ന് വിജിഎഫിനുള്ള ഫണ്ട് നൽകും. പൊതുപണത്തിന് മൂല്യം ഉറപ്പാക്കുന്ന മികച്ച രീതികളും പദ്ധതി കരാറുകളും പാലിക്കണം. ഗ്രാൻ്റുകൾ വിതരണം ചെയ്യുന്നതിനായി ലീഡ് ഫിനാൻഷ്യൽ സ്ഥാപനങ്ങൾ പതിവായി നിരീക്ഷണവും വിലയിരുത്തലും നടത്തണം. ഇവയെല്ലാം വിഴിഞ്ഞത്തിന്റെ കാര്യത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്.









0 comments