കടൽ മണൽ ഖനന നീക്കത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം: ജനതാദൾ എസ്

തിരുവനന്തപുരം: കടൽ മണൽ ഖനനം കേരളത്തിന് വിപത്താണെന്ന് ജനതാദൾ എസ് തെക്കൻ മേഖലാ നേതൃയോഗം ചൂണ്ടിക്കാട്ടി. പാർലമെന്റിൽ ചർച്ചയില്ലാതെ കൊണ്ടുവന്ന നിയമമാണ് കടൽ മണൽ ഖനന നീക്കമെന്നും ഇതിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ട്രേഡ് യൂണിയനുകളുടെയും പരമ്പരാഗത തൊഴിലാളികളുടെയും അഭിപ്രായം മാനിക്കാതെ കടലിൽ വൻകൊള്ളയ്ക്കാണ് പദ്ധതി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് അറിയിച്ചിരുന്നെങ്കിലും അത് വകവയ്ക്കാതെ കേന്ദ്രസർക്കാർ മുന്നോട്ടുപോയത് പ്രതിഷേധാർഹമാണെന്നും പ്രമേയത്തിൽ പറഞ്ഞു.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന തെക്കൻ മേഖലാ നേതൃയോഗം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലംകോട് രവീന്ദ്രൻ നായർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി പി ദിവാകരൻ, സാബു ജോർജ്, വി മുരുകദാസ്, ജേക്കബ് ഉമ്മൻ, ജില്ലാ പ്രസിഡന്റുമാരായ എസ് ഫിറോസ് ലാൽ, സി കെ ഗോപി, അലക്‌സ് കണ്ണമല എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി ശാർങ്‌ധരൻ നായർ സംസാരിച്ചു.









0 comments