കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടി പരിഷ്കരണം: ലോട്ടറി തൊഴിലാളികളെ ബാധിക്കാതെ സര്‍ക്കാര്‍ സംരക്ഷിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനത്തെ ലോട്ടറി മേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40 ശതമാനം ആയിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്.
മുഖ്യമന്ത്രി എന്ന നിലയില്‍ ഞാനും ധനമന്ത്രിയും നേരിട്ടും കത്തുകള്‍ മുഖേനയും കേന്ദ്ര ധനകാര്യ വകുപ്പിനോടും ജിഎസ്ടി കൗണ്‍സിലിനോടും ലോട്ടറിയുടെ ജിഎസ്ടി വര്‍ദ്ധിപ്പിക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അതെല്ലാം നിരാകരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്. അതിന്‍റെ ഭാഗമായാണ് ലോട്ടറി മേഖലയില്‍ നികുതി വര്‍ദ്ധനവിന് കാരണമായത്.
എന്നാല്‍, മറ്റു തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത ജീവനോപാധിയായി ലോട്ടറി വ്യാപാരത്തെ ആശ്രയിക്കുന്ന നിരവധി സാധാരണ ജനങ്ങളുടെ തൊഴില്‍ മേഖല എന്ന നിലയില്‍ ഭാഗ്യക്കുറി മേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാലത്തും പ്രതിജ്ഞാബദ്ധമാണ്. അതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ റവന്യൂ വരുമാനത്തില്‍ കുറവ് ഉണ്ടാകുമെങ്കിലും ടിക്കറ്റ് വിലയില്‍ വര്‍ധനവ് വരുത്താതെ നിലവിലെ ടിക്കറ്റ് നിരക്കുകളില്‍ തന്നെ വില്‍പ്പന നടത്തുന്നതിനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.
ജി എസ് ടി 28 ശതമാനത്തിൽ നിന്നും 40 ശതമാനം ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെങ്കിലും ടിക്കറ്റിന്‍റെ വില 50 രൂപയായി തന്നെ നിലനിര്‍ത്താനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. അതിന്‍റെ ഫലമായി ഒരു ഭാഗ്യക്കുറി ടിക്കറ്റിനുമേല്‍ സര്‍ക്കാരിന് 3.35 രൂപ റവന്യൂ വരുമാനത്തില്‍ കുറവുണ്ടാകും. ഒരു ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഇത്തരത്തില്‍ 3.35 കോടി രൂപയുടെ കുറവാണ് സര്‍ക്കാരിന് ഉണ്ടാവുക.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തന മിച്ചം, ഡിസ്കൗണ്ട്, ഏജന്‍സി സമ്മാനം, സമ്മാനം എന്നിവയില്‍ കുറവ് വരുത്തിയാണ് വില വര്‍ദ്ധനവ് ഒഴിവാക്കിയത്. ആകെ വിറ്റു വരവിന്‍റെ 60 ശതമാനം തുക സമ്മാനമായി നല്‍കുന്നുണ്ട്. എന്നാല്‍ വിറ്റു വരവില്‍ കുറവ് വന്നത് കാരണം ആകെ സമ്മാനത്തുകയില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഏജന്‍റ് ഡിസ്കൗണ്ട്, ഏജന്‍സി പ്രൈസ് എന്നിവയുടെ ഘടനയില്‍ എങ്ങനെ മാറ്റം വരുത്താം എന്നത് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി നിരക്ക് പരിഷ്കരണം സംസ്ഥാനലോട്ടറി മേഖലയിലെ തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ഒരുതരത്തിലും ബാധിക്കാത്ത രീതിയില്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്- മുഖ്യമന്ത്രി വ്യക്തമാക്കി.
എയ്ഡഡ് സ്കൂള്‍ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നല്‍കിയ ആനുകൂല്യം എല്ലാ സ്കൂള്‍ മാനേജുമെന്‍റുകള്‍ക്കും കൊടുക്കണമെന്നതാണ് സര്‍ക്കാരിന്‍റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ അഭിപ്രായം സുപ്രീം കോടതിയെ അറിയിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ബഹു.ഹൈക്കോടതി അനുമതി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് പരിശോധിച്ച് കൈക്കൊള്ളേണ്ട തുടര്‍ നടപടികള്‍ സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ബന്ധപ്പെട്ട മന്ത്രിമാരും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും ഈ യോഗങ്ങളില്‍ പങ്കെടുത്തിരുന്നു- മുഖ്യമന്ത്രി പറഞ്ഞു.









0 comments